
71 -മത് ലോകസുന്ദരി മത്സരത്തിന് വേദിയാകാനൊരുങ്ങി 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ. 2024 ഫെബ്രുവരി 18ന് ന്യൂഡൽഹിയിൽ ആരംഭിച്ച് മാർച്ച് ഒമ്പതിന് മുംബൈയിൽ വെച്ച് ഈ വർഷത്തെ ലോക സുന്ദരി ആരെന്ന് വ്യക്തമാകും. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്റെർ, ജി-20 വേദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം എന്നിവയാണ് ഈ വർഷത്തെ മത്സരവേദികൾ.
ഫെബ്രുവരി 20ന് ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിൽ വെച്ച് ‘ദി ഓപ്പണിംഗ് സെറിമണി’, ‘ഇന്ത്യ വെൽകംസ് ദ വേൾഡ് ഗാല’ എന്നിവയോടെയാണ് ഇന്ത്യ ടൂറിസം ഡെവലപ്‌മെണ്ട് കോർപ്പറേഷൻ (ഐ.ടി.ഡി.സി) ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

മാർച്ച് ഒമ്പതിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്റെറിൽ ഫിനാലെ നടക്കും.
വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ്പ് മോഡൽ, മിസ് വേൾഡ് സ്‌പോർട്‌സ് ചലഞ്ച്, മിസ് വേൾഡ് ടാലണ്ട് ഫൈനൽ, മൾട്ടി മീഡിയ ചലഞ്ച്, ഹെഡ് ടു ഹെഡ് ചലഞ്ച് ഫൈനൽ എന്നീ മത്സരങ്ങളും ഉൾപ്പെടുന്നതാണ് ലോകസുന്ദരി മത്സരം.
120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തിന് എത്തുന്നത്. 2022 ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
