കുട്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നു? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങള്‍

You are currently viewing കുട്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നു? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങള്‍

യുവതലമുറയും കുട്ടികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷൻ. മണിക്കൂറുകളോളും ആണ് ഇത്തരത്തില്‍ കുട്ടികളും കൗമാരക്കാരും എല്ലാം ഫോണുകള്‍ ഉപയോഗിക്കുന്നത്. ഗെയിമുകളും ചാറ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തികളും എന്നിവയെല്ലാമാണ് ഇവരെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് അടിമകള്‍ ആക്കുന്നത്.

വലിയ രീതിയില്‍ മാനസിക പ്രശ്നങ്ങള്‍ നേരിട്ടേക്കാവുന്ന അവസ്ഥയിലേക്ക് ഈ ശീലം ഒരു പക്ഷെ നിങ്ങളുടെ കുട്ടികളെ തള്ളിവിട്ടേക്കാം. ആയതിനാല്‍ തന്നെ മാതാപിതാക്കള്‍ ആണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. പെട്ടെന്ന് ദേഷ്യം വരുക, ഒറ്റപ്പെടല്‍ അനുഭവിക്കുക തുടങ്ങിയ മാനസികാവസ്ഥകളാണ് സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷൻ മൂലം കുട്ടികള്‍ക്ക് ഉണ്ടാകുക. അടുത്തിടെ മുംബൈയില്‍ പിതാവ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി വെച്ചതിനാല്‍ 16കാരൻ ആത്മഹത്യ ചെയ്തിരുന്നു.

നിരവധി സ്ഥലത്ത് ഇതിന് സമാനമായ സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ തന്നെ ഗൗരമായി തന്നെ വേണം ഈ വിഷയം മാതാപിതാക്കള്‍ കൈകാര്യം ചെയ്യാൻ. മകൻ അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ പിതാവ് ഫോണ്‍ വാങ്ങിവെച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവും കുട്ടിയുമായി കടുത്ത വാക്കേറ്റം ഉണ്ടായി. ഇതേ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മുംബൈയിലെ മല്‍വാനയില്‍ ആയിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി എന്നിവയെ എല്ലാം വലിയ രീതിയല്‍ ദോഷകരമായി ബാധിക്കാൻ ഇത്തരം സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷനുകള്‍ കാരണമായേക്കാം. എന്നാല്‍ വിവേകപരമായി പെരുമാറിയാല്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷൻ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ചെറുപ്പം മുതല്‍ തന്നെ നല്‍കുന്ന നിര്‍ദേശങ്ങളിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും.

കുട്ടികളെ സ്മാര്‍ട്ട് ഫോണില്‍ തൊടീക്കരുത് എന്നല്ല ഉദ്ദേശിക്കുന്നത്. ഇതിന് കൃത്യമായ സമയം നല്‍കുക. ഒരു മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. കുട്ടികളുടെ ടൈം ടേബിളില്‍ കളിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്നതുപോലെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാനും അല്‍പം സമയം നല്‍കുക. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൗഹാര്‍ദ പരമായി ഇവരോട് പെരുമാറുക. ഫോണില്‍ എന്ത് ചെയ്യുന്നു എന്നെല്ലാം അടുത്ത് ഇരുന്നുകൊണ്ട് തന്നെ പരിശോധിക്കുക.

ഫോണ്‍ ഉപയോഗിക്കാൻ‌ സമയം നല്‍കുന്നത് പോലെ തന്നെ മറ്റുള്ള ആളുകളുമായി ഇടപഴകാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കണം. വൈകുന്നേരങ്ങളില്‍ നടക്കാൻ പോകുന്ന ശീലം ഉണ്ടെങ്കില്‍‌ കുട്ടികളെയും കൂടെ കൂട്ടുക. ആളുകളുമായി സംസാരിക്കുവാനുള്ള അവസരങ്ങള്‍ നിര്‍മ്മിക്കുക. ഇങ്ങനെ ചെയ്താല്‍ ഒരു മികച്ച സോഷ്യല്‍ ലൈഫ് കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒറ്റപ്പെടല്‍, ഏകാന്തത പോലുള്ള അവസ്ഥകള്‍ ഒരു പരുധിവരെ തരണം ചെയ്യാൻ ഇത് സഹായിക്കുന്നതാണ്.

കുട്ടികളുടെ സമപ്രായക്കാരായ മറ്റ് കുട്ടികളുമായി കളിക്കാനും സമയം ചിലവഴിക്കാനുമുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ തന്നെ ഉണ്ടാക്കി നല്‍കുക. ഇത്തരത്തിലുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ കായിക പരമായ വ്യായാമവും ആകും ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികള്‍ പതിയെ പിന്മാറുകയും ചെയ്യുന്നതായിരിക്കും. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് മൂലമുള്ള ദോഷ വശങ്ങള്‍ മാതാപിതാക്കള്‍ തന്നെ കുട്ടികളോട് പങ്കുവെയ്ക്കണം. ഉറക്കക്കുറവ്, കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടകള്‍ എല്ലാം ഇതില്‍ ചിലതാണ്.

കുട്ടികളുടെ ഏത് നീക്കത്തേയും സംശയത്തോടെ നോക്കി കാണുന്നവരാകരുത് നിങ്ങള്‍. കഴിവതും അവരുടെ കൂടെ സമയം ചിലവഴിച്ച്‌ നല്ല സുഹൃത്തുക്കളെ പോലെ പെരുമാറുമ്പോള്‍ കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുന്നതായിരിക്കും. സോഷ്യല്‍ മീഡിയയുടെ സ്വാധീനം, സൈബര്‍ ബുള്ളിയിങ്, ഓണ്‍ലൈനില്‍ എങ്ങനെ പെരുമാറണം എന്നെല്ലാം കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്‌തു കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടിയുടെ ഫോണ്‍ അഡിക്ഷൻ നിങ്ങള്‍ക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

0Shares