മന്ത്രി വീണാ ജോർജിൻ്റെ പി.എയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്; ആരോഗ്യ വകുപ്പിൽ നിയമന തട്ടിപ്പ് നടന്നിട്ടില്ല, റിമാണ്ട് റിപ്പോർട്ട്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing മന്ത്രി വീണാ ജോർജിൻ്റെ പി.എയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്; ആരോഗ്യ വകുപ്പിൽ നിയമന തട്ടിപ്പ് നടന്നിട്ടില്ല, റിമാണ്ട് റിപ്പോർട്ട്

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ നിയമന കൈക്കൂലിക്കേസിൽ വീണ്ടും വഴിത്തിരിവ്. ആരോഗ്യ മന്ത്രിയുടെ പി.എയ്ക്ക് പണം നൽകിയിട്ടില്ലെന്ന് പ്രതി ബാസിത് സമ്മതിച്ചു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രിയുടെ ഓഫീസിൻ്റെ പേര് പറഞ്ഞത്.

മന്ത്രിയുടെ പി.എയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് സമ്മതിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരൻ ഹരിദാസിൻ്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ബാസിതിനെ റിമാൻഡ് ചെയ്‌ത ശേഷം വ്യാഴാഴ്‌ച കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സി.ജെ.എം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഹരിദാസൻ അനുമതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ കെ.പി ബാസിതിനെ തിരുവനന്തപുരം കണ്ടോൺമെണ്ട് പൊലീസ്‌ അറസ്റ്റ് ചെയ്‌തത്. മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.

നിയമനത്തിനായി ഒരു ലക്ഷം രൂപ വാങ്ങിയത് ബാസിത്താണ് എന്നായിരുന്നു പരാതിക്കാരനായ ഹരിദാസിൻ്റെ മൊഴി. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനെ പ്രേരിപ്പിച്ചതും വാർത്തയാക്കിയതും ബാസിത്താണ് എന്നാണ് പൊലീസ് പറയുന്നത്.

0Shares