
കണ്ണൂർ: പരിയാരം ഗവ: ആയുർവേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുള്ള ആയുർവേദ ആശുപത്രി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. 14.45 കോടി രൂപ ചെലവിൽ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ആശുപത്രി ഉത്തര മലബാറിന്‍റെ ആരോഗ്യമേഖലയിൽ ഒരു തിലകക്കുറിയാകും.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യരക്ഷ, ഗർഭിണികളുടെ പരിചരണം, പ്രസവാനന്തര ശുശ്രൂഷകൾ, ശിശുപരിചരണം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ തനത് മരുന്നുകളും ചികിത്സകളും കൈമുതലായുള്ള ആയുർവേദത്തോടൊപ്പം ആധുനിക സൗകര്യങ്ങളും ഇഴചേർത്തുകൊണ്ട് മികച്ച സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവർത്തനം സജ്ജമാക്കി യിരിക്കുന്നത്. രജത ജൂബിലിയാഘോഷിച്ച പരിയാരം ആയുർവേ കോളേജിന്‍റെ വികസനത്തിൻ ഒരു നാഴികക്കല്ലായിരിക്കും ഈ ആശുപത്രി.

നാല് നിലകളിലായി ആശുപത്രിയിൽ സ്ത്രീരോഗ-ശിശുരോഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഒ.പികൾ, ജനറൽ വാർഡ് , പേവാർഡ്, ലേബർറൂം, പ്രസവാനന്തര ചികിത്സാ മുറികൾ, ഫിസിയോ തെറാപ്പി -പഞ്ചകർമ്മ മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആശുപത്രി പ്രവർത്തന ക്ഷമമാക്കാൻ ഇരുപത്തിരണ്ട് സ്ഥിരം തസ്തികകളും പതിനഞ്ച് താല്കാലിക തസ്തികകളും സർക്കാർ മുമ്പുതന്നെ അനുവദിച്ചിരുന്നു.
സ്ത്രീകളുടെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും കുട്ടികളുടെ വളർച്ചാ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, ശ്വസന രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങൾക്കും അലോപ്പതി- ആയുർവേദ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഇവിടെ ചികിത്സ നൽകപ്പെടും. ആയുർവേദ ഡോക്ടർമാർ കൂടാതെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, അനസ്തെറ്റിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.
അൾട്രാസൗണ്ട് സ്കാനിങ്ങ്, കോൾപ്പോസ്കോപ്പി തുടങ്ങിയ ആധുനിക പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആയുർവേദ വൈദ്യ വിദ്യാർത്ഥികൾക്കും ഹൗസ് സർജന്മാർക്കും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കും പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള മികച്ച അവസരമാണ് ഇതുവഴി തുറക്കപ്പെടുക. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷനായി.
