
ലൈംഗിക പീഡന കേസ് ഒഴിവാക്കാൻ അതിജീവിതയുടെ ബന്ധുവിനെ നടൻ വിജയ് ബാബു സ്വാധീനിക്കുന്നതിൻ്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാൽ താൻ മരിക്കുമെന്നും വേണമെങ്കിൽ പെൺകുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പെൺകുട്ടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
വിജയ് ബാബുവിൻ്റെ വാക്കുകൾ:
‘കേസുമായി മുമ്പോട്ട് പോയാൻ മരിക്കും, ജീവിച്ചിരിക്കില്ല. ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് പുറത്ത് പോയാൽ ആഘോഷിക്കപ്പെടും. ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്. അത് അക്സെപ്റ്റ് ചെയ്യുന്നു. ഞാൻ മാപ്പ് പറയാം. കാല് പിടിക്കാം. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാൻ അനുവദിക്കരുത്. പൊലീസ് കേസാണോ സൊലൂഷൻ’ വിജയ് ബാബു പറഞ്ഞു.നേരത്തെ കേസ് പിൻവലിക്കാൻ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അതിജീവിത പറഞ്ഞിരുന്നു.

എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് നേരെ അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
