അച്ഛൻ്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധി; വെളിപ്പെടുത്തി ദിവ്യ സ്പന്ദന

  • Post category:entertainment / news
  • Reading time:1 min read
You are currently viewing അച്ഛൻ്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധി; വെളിപ്പെടുത്തി ദിവ്യ സ്പന്ദന

അഭിനയത്തിന് ഇടവേള കൊടുത്ത ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടിയാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിൻ്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛൻ്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം.

‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തൻ്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്. ‘‘എൻ്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല.’’ – ദിവ്യ പരിപാടിയിൽ പറഞ്ഞു.

ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നതായും അവർ പറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. “എൻ്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് എൻ്റെ അമ്മയാണ്, അടുത്തത് എൻ്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്.” അവർ കൂട്ടിച്ചേർത്തു.

2012ലാണ് ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ അംഗമായത്. 2013ലെ ഉപതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ച അവർ, പിന്നീട് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവ്യ, സ്വന്തം നിർമാണക്കമ്പനി ആരംഭിക്കുകയും ചെയ്തു.

0Shares