
കാസർകോട്: കേന്ദ്ര സർക്കാർ നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് ലോകാരോഗ്യ ദിനമായ ഇന്നലെ ആരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച ആരോഗ്യ പ്രവർത്തകരെ അറ്റ്‌ലസ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ നേരിട്ടത്തി ആദരിച്ചു. ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തൻവീർ, അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണപ്രസാദ്, ആരോഗ്യ രംഗത്ത് നിറ സാനിധ്യമായ ആലംപാടി കുടുംബ ക്ഷേമ ഉപകേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് നിഷ, ചെങ്കള പഞ്ചായത്ത് പത്താം വാർഡ് ആശാ വർക്കർ അംബിക എന്നീ ആരോഗ്യ പ്രവർത്തകരെയാണ് ചെങ്കള ഹെൽത്ത് സെന്ററിൽ നേരിട്ടത്തി അറ്റ്‌ലസ് സ്റ്റാർ ആലംപാടി പ്രവർത്തകർ ആദരിച്ചത്.

സീനിയർ ഉപദേശക സമിതി അംഗം അബൂബക്കർ കരുമാനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഇർഫാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗത പ്രസംഗം നടത്തി. നെഹ്‌റു യുവ കേന്ദ്ര കാസർകോട് ജില്ലാ യൂത്ത് ഓഫീസർ അഖിൽ പി മുഖ്യാതിഥിയായി. ആരോഗ്യ മേഖലയിൽ നിറ സാന്നിധ്യമായ പ്രവർത്തകർക്ക് ജനങ്ങൾ അർഹിച്ച ബഹുമാനം നൽകണമെന്നും, കോവിഡ് മഹാമാരി കാലത്ത് ഇവർ ചെയ്‌ത സേവനങ്ങൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും, ആരോഗ്യ മേഖലയിലുള്ളവർക്കൊപ്പം ക്ലബ് എന്നും താങ്ങായി കൂടെ നിൽക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അബൂബക്കർ കരുമാനം പറഞ്ഞു.
ചെങ്കള പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഫരീദ അബൂബക്കർ, ആരോഗ്യ പ്രവർത്തകരെ ഷാൾ അണിയിച്ചാദരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് അബ്ദുള്ള ഖത്തർ, ജോയിന്റ് സെക്രട്ടറി മിർഷാദ്, എജുമിഷൻ കമ്മിറ്റി ചെയർമാൻ മുർഷിദ് മുഹമ്മദ് എന്നിവർ ആരോഗ്യ പ്രവർത്തകർക്കുള്ള ക്ലബ്ബിൻ്റെ ഉപഹാരം കൈമാറി.
