
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായി രാഹുല്‍ കടവക്കോലുവിനെ നിയമിച്ചു. ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ്, ഗോ ടു മാര്‍ക്കറ്റ് സ്ട്രാറ്റജി എന്നിവയെ രാഹുല്‍ മുന്നോട്ട് നയിക്കും. സ്ഥാപനത്തിന്‍റെ ബിസിനസ് മേഖലകളുടെ വൈവിധ്യവത്കരണം, നവീകരണ പ്രവര്‍ത്തനങ്ങള്‍, വിവിധ വിപണികളിലേക്കുള്ള വ്യാപനം എന്നിവ ശക്തമാക്കുന്നതിന് ഇടയിലാണ് പുതിയ നിയമനം.
ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ്, മാര്‍ക്കറ്റിങ്, ബിസിനസ് വികസന പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ അന്താരാഷ്ട്ര വൈദഗ്ധ്യം ആസ്റ്ററിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

സ്ട്രാറ്റജി, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍, സ്‌പോർട്‌സ്, എന്‍റര്‍ടൈന്‍മെന്‍റ് പ്രോജക്ടുകള്‍ എന്നിവയില്‍ രാഹുലിന് 22 വര്‍ഷത്തെ പരിചയമുണ്ട്. രാകുട്ടെന്‍ ഗ്രൂപ്പില്‍ നിന്നാണ് ആസ്റ്ററിലെത്തിയത്. അവിടെ ഗ്ലോബല്‍ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, പാർട്‌ണർഷിപ് എന്നിവക്ക് നേതൃത്വം നല്‍കി.
ബാഴ്‌സലോണ, ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സ്, എന്‍.ബി.എ, ഡേവിസ് കപ്പ് എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. മികച്ച ടീമിനോടൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും സ്ഥാപനത്തിന്‍റെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ കടവക്കോലു വ്യക്തമാക്കി.
