ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യത്തേത്, മറ്റുള്ള സംസ്ഥാനങ്ങൾ മാതൃകയാക്കുമോ?

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യത്തേത്, മറ്റുള്ള സംസ്ഥാനങ്ങൾ മാതൃകയാക്കുമോ?

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്‌മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത്‌ വിവിധ ജനവിഭാഗങ്ങളില്‍ ആശങ്ക ഉളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവെക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിൻ്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസ്സാക്കിയത്.

പ്രമേയത്തിൻ്റെ പൂര്‍ണരൂപം:

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്‌മ ചെയ്യുന്നതാണെന്ന് ഈ സഭ വിലയിരുത്തുന്നു.

ഭരണഘടന അതിൻ്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്ക് കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്‌തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്‌തത് എന്നും മനസ്സിലാക്കണം.

0Shares