
കൊട്ടാരക്കര: കൊല്ലം അയൂരിൽ നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് പരാതി. ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥി നൽകിയ പരാതിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്.

സംഭവം ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കേരള വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ ചാനൽ ആർ.ബിയോട് പറഞ്ഞു. പരീക്ഷാ ഏജൻസിക്കെതിരെയും കുറ്റം ചെയ്തവർക്കെതിരെയും നിയമ നടപടി നേരിടേണ്ടിവരുമെന്നും ഇതിനായി വനിതാ കമ്മിഷൻ ഇടപെടുമെന്നും ഷാഹിദ കമാൽ പറഞ്ഞു. ഇത്തരം നടപടികൾ പരിഷ്ക്കൃത സമൂഹത്തിൽ അംഗീകരിക്കാവുന്നതല്ലെന്നും അതിനാൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് അറിയിച്ചു.
താഴെ നിന്ന് രണ്ട് നിലകൾ ഇത്തരത്തിൽ നടന്ന് കയറിയാണ് ഇവര്‍ ആൺകുട്ടികൾ ഉൾപ്പടെയുള്ള പരീക്ഷാ ഹാളിലേക്ക് എത്തിയത്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

എം.ബി.ബി.എസ്, ബി.ഡി.എസ്, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഞായറാഴ്‌ചയാണ് സംസ്ഥാനത്ത് നടന്നത്. മലയാളം ഉൾപ്പെടെ 13 ഭാഷകളിലായിരുന്നു പരീക്ഷ നടന്നത്. കേരളത്തിലെ 16 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.
