ആരോഗ്യ മേള ജനകീയമാക്കി നാട്ടുകാർ; ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും പരിസര ശുചീകരണവും, ആരോഗ്യമുള്ള ജനതയ്ക്ക് നാട് ഒന്നിക്കുന്നു

You are currently viewing ആരോഗ്യ മേള  ജനകീയമാക്കി നാട്ടുകാർ; ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും പരിസര ശുചീകരണവും, ആരോഗ്യമുള്ള ജനതയ്ക്ക് നാട് ഒന്നിക്കുന്നു

കുറ്റിക്കോൽ / കാസർകോട്: ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻ്റെ സമ്പത്ത് എന്ന തിരിച്ചറിവോടെ ആണ് ആരോഗ്യ മേഖലകളിലൂടെ സർക്കാർ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ പ്രചരണാർത്ഥം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയം, കെ.എം.കെ യുവജന സ്വാശ്രയ സംഘം, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സവിത മുഖ്യാതിഥിയായി. മനോജ് ജെ.എച്ച്.ഐ, സോഫിയമ്മ ജെ.പി.എച്ച്.എൻ എന്നിവർ സംസാരിച്ചു. എം.മോഹൻരാജ് അധ്യക്ഷനായി. കെ.രതീഷ് സ്വാഗതവും പി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിൻ്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലി, ആരോഗ്യ സെമിനാർ തുടങ്ങിയവയും നടക്കുന്നുണ്ട്.

മേളയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ ഇ-സഞ്ജീവനി ഒ.പി.ഡി. ടെലി- മെഡിസിന്‍, ഹൃദ്രോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക് രോഗ വിഭാഗം, ഇ.എന്‍.ടി., നേത്രരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, വൃക്കരോഗ വിഭാഗം, ആര്‍.ബി.എസ്.കെ. സ്‌ക്രീനിങ്ങ്, കുഷ്ഠരോഗ പരിശോധന, ജീവിത ശൈലിരോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാ ആരോഗ്യ കൗണ്‍സിലിംഗ്, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവരികയാണ്.

ആരോഗ്യ മേളയുടെ ഭാഗമായി കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബന്തടുക്ക പ്രൈമറി ഹെൽത്ത് സെൻ്റെർ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശോഭന കുമാരി ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ഷമീർ കുമ്പക്കോട് അധ്യക്ഷനായി. മെമ്പർമാരായ കുഞ്ഞിരാമൻ, നാരായണി എന്നിവർ സംബന്ധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു. മേളയുടെ ഭാഗമായി പുരുഷ വനിതാ വാദം വലി മത്സരം ഈ മാസം 17ന് പടുപ്പിൽ നടക്കും.

ആരോഗ്യ മേളയോട് അനുബന്ധിച്ച് അടൂർ മുതുവത്ത്മൂല അംഗനവാടിയിൽ ജീവിത ശൈലിരോഗ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ചെനിയ നായ്‌ക്ക്‌ ഉദ്ഘാടനം ചെയ്തു.

അഡൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.സുരേഷ് കുമാർ അധ്യക്ഷനായി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ ജെ.പി, ജെ.പി.എച്ച്.എൻ കെ.സി ജിൻസി, ആശ വർക്കർമാരായ എ.നാരായണി, എ.ഡി സുമിത്ര എന്നിവർ സംസാരിച്ചു. അംഗനവാടി വർക്കർ ലളിത സ്വാഗതവും ആശ വർക്കർ കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് തല ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മേയ് 9ന് രാവിലെ തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചിരുന്നു.

0Shares