അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും,കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങി അക്രമാസക്തമായി

You are currently viewing അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും,കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങി അക്രമാസക്തമായി

തമിഴ്‌നാട്: കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും. ആന ക്ഷീണിതനായതിനാൽ മയക്കുവെടി വയ്ക്കില്ലെന്നാണ് സൂചന. കമ്പം സൗത്ത് മേഖലയിലേക്ക് നീങ്ങിയിരക്കുയാണ് ആന. മൂന്ന് മണിക്ക് അരിക്കൊമ്പനെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിക്കാനിരുന്നതാണ്.

ദൗത്യത്തിനായി ആനമലയിൽ നിന്ന് കുംകിയാനകളെ എത്തിക്കാനായിരുന്നു പദ്ധതി. മയക്കു വെടിവയ്ക്കാനായി ഹൊസൂരിൽ നിന്നും മധുരയിൽ നിന്നും വെറ്റിനറി ഡോക്ടർമാർ എത്തും. ആനയെ മയക്കുവെടി വെച്ചു ഉൾകാട്ടിൽ വിടാനാണ് തീരുമാനമെന്ന് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി ന്യൂസ് 18 ഉൾപ്പെടെയുള്ള മലയാളം മാധ്യമങ്ങളോട് പറഞ്ഞു.

ലോവർ ക്യാംപിൽ നിന്നും രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പൻ പാഞ്ഞോടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കമ്പം ടൗണിൽ അരിക്കൊമ്പൻ ഒരു ഓട്ടോറിക്ഷയും കുത്തി മറിച്ചു. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. അരിക്കൊമ്പൻ്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കമ്പത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്. നടരാജ കല്യാണ മണ്ഡപത്തിന് പുറകിൽ വരെ എത്തിയ അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ അരിക്കൊമ്പൻ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഉദ്യഗസ്ഥർ ആനയുടെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു വരികയാണ്.

0Shares