ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ അറേബ്യൻ എമിറേറ്റുകള്‍: കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം

You are currently viewing ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ അറേബ്യൻ എമിറേറ്റുകള്‍: കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം

അബുദാബി: ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ച്‌ യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍. ശനിയാഴ്ചയാണ് ഗള്‍ഫില്‍ പെരുന്നാള്‍ ദിനം. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും. അബുദാബിയില്‍ രാവിലെ 5.57 നും അല്‍ഐനില്‍ രാവിലെ 5.51 നും മദീന സായിദില്‍ 6.02 നും ദുബായ് 5.53 നുമാണ് പെരുന്നാള്‍ നമസ്‌കാരം. ഷാര്‍ജയില്‍ 5.52 നും അജ്മാനില്‍ 5.52 നും ഉമ്മുല്‍ ഖുവൈനില്‍ 5.50 നും റാസല്‍ ഖൈമയില്‍ 5.48 നും ഫുജൈറയില്‍ 5.48 നുമാണ് പെരുന്നാള്‍ നമസ്‌കാര സമയം.

അതേസമയം പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി നമസ്‌കാര പായയുമായി (മുസല്ല) എത്തണമെന്നാണ് നിര്‍ദ്ദേശം. പള്ളിക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമാക്കി. ഹസ്തദാനവും ആലിംഗനവും പാടില്ല. ഒത്തുചേരലില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതാണ്.

ബലിപെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ നാലുദിവസം അവധി പ്രഖ്യാപിച്ചു. ജൂലൈ 8 മുതൽ 11 വരെയാണ് അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങൾ 12ന് പ്രവർത്തനം പുനഃരാരംഭിക്കും.

ഗൾഫിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി നടത്തി. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

ഹജ്ജിൻറെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർഥാടകരും അധികൃതരും കടക്കും. ദുൽഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന് നീങ്ങിത്തുടങ്ങും. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒമ്പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

0Shares