
ചരിത്ര പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലെ ശൃംഗേരി. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന അഗുംബെ മഴക്കാടുകള്‍ക്കടുത്താണ് ഈ ചെറിയ പട്ടണം. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ശൃംഗേരി. ഇപ്പോഴിതാ ശൃംഗേരിയില്‍ നിന്നുള്ള യാത്രാചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തൻ്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശൃംഗേരിയില്‍ നിന്ന് പോസിറ്റീവ് വൈബ്‌സ് തേടുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ഇത്. അദ്ദേഹം പാറയില്‍ കൊത്തിയെടുത്ത ഒരു ശ്രീചക്രത്തിന് മുകളില്‍ ചന്ദനം കൊണ്ട് നിര്‍മിച്ച ശാരദയുടെ വിഗ്രഹം ആയിരുന്നു ആദ്യപ്രതിഷ്ഠ. പിന്നീട് കാലക്രമേണ, ചന്ദന വിഗ്രഹത്തിന് പകരം നിലവിലെ സ്വര്‍ണ്ണ വിഗ്രഹം സ്ഥാപിച്ചു. കേരള ശൈലിയില്‍ തടിയും ടൈല്‍ മേഞ്ഞ മേല്‍ക്കൂരയും ഉള്ള ഒരു ക്ഷേത്രമായി ഇതു മാറി.
