
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെട്ട ചെമ്പറക്കി പീഡനക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. കൂട്ടുപ്രതികളായ പങ്കോട് ആശാരിമൂലയില്‍ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തില്‍ ആരോ കൈവിഷം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വീട്ടില്‍വച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്. ഇത് ആഭിചാരക്രിയയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു.
പീഡനത്തെയും ശാരീരിക ഉപദ്രവത്തെയും കുറിച്ച് ഓമന മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഓമനയെയും മകനെയും വിശദമായി ചോദ്യം ചെയ്താല്‍ വ്യക്തത വരുമെന്ന് പ്രത്യേക അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. 2020ലാണ് ചെമ്പറുക്കി കേസില്‍ ഷാഫിയും കൂട്ടാളികളും പിടിയിലായത്.
അന്നത്തെ കണ്ടെത്തല്‍
പൂനെയില്‍ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ഇവര്‍ ഓര്‍മ്മക്കുറവുള്ള വയോധികയെ വീട്ടിലെത്തിച്ചു. ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ വീട്ടിലെത്തിയ മനോജ് ഷാഫിയെ അടിച്ചോടിച്ചു.

വയോധിക മുറിക്കകത്തു കിടക്കുന്നത് കണ്ട് ഇയാള്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യ ഭാഗത്ത് കുത്തുകയും ചെയ്തു. മുറിയില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയെടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടില്‍ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പ്രത്യേകസംഘം സംശയിക്കുന്നത്
ഓമനയുടെ വെളിപ്പെടുത്തലില്‍ ഷാഫി ഇവിടെ എത്തിയത് ജോത്സ്യന്‍ ചമഞ്ഞാണെന്ന് വ്യക്തമാണ്. മകന് മദ്യത്തില്‍ കൈവിഷം നല്‍കിയതായി ഇവരെ വിശ്വസിപ്പിച്ച് ആഭിചാരകര്‍മ്മം നടത്തിയെന്നും ഇതിൻ്റെ ഭാഗമായായിട്ടാണ് സ്വകാര്യ ഭാഗങ്ങളില്‍ മെഴുകുതിരി ഉരുക്കി പൊള്ളിക്കുകയും ദേഹത്ത് വരിഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തെന്നെല്ലാമാണ് പൊലീസ് സംശയിക്കുന്നത്.
മൃതദേഹങ്ങളില്‍ ഒന്ന് പത്‌മയുടേത്
ഇലന്തൂരില്‍ കൊല്ലപ്പെട്ടത് കൊച്ചിയില്‍ നിന്ന് കാണാതായ ലോട്ടറി വില്പനത്തൊഴിലാളി പത്‌മയുടെതാണെന്ന് ഉറപ്പായി. കണ്ടെടുത്ത മാംസഭാഗങ്ങളില്‍ ഒന്നിൻ്റെ ഡി.എന്‍.എഫലം ഇത് ഉറപ്പിച്ചു. 55 ശരീര ഭാഗങ്ങളുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. ഈ മാസം പകുതിയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹേം വിട്ടുനല്‍കുന്നത് വൈകുകയാണെന്ന് ആരോപിച്ച് പത്‌മയുടെ മകന്‍ രംഗത്ത് എത്തിയിരുന്നു.
