
കുഞ്ഞ് നിര്‍വാന് കൈത്താങ്ങായി അജ്ഞാതന്‍. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതക രോഗം പിടിപ്പെട്ട ഒന്നര വയസ്സുകാരന്‍ നിര്‍വാന്‍ സാരംഗിന് 11 കോടിയിലധികം രൂപയുടെ സഹായമാണ് അജ്ഞാതന്‍ നല്‍കിയിരിക്കുന്നത്.
വിദേശത്തു നിന്നുള്ള പേര് വെളിപ്പെടുത്താത്ത വ്യക്തിയാണ് ധനസഹായം സ്വരൂപിക്കാന്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യന്‍ ഡോളര്‍ അതായത് ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ സംഭാവന ചെയ്തത്. ഇതോടെ, നിര്‍വാനിൻ്റെ ചികിത്സാ സഹായ നിധിയില്‍ 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്.

തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം പണം കൈമാറിയിരിക്കുന്നത്. നിര്‍വാനിൻ്റെ മാതാപിതാക്കള്‍ക്കുപോലും ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും അറിയില്ല. കുഞ്ഞിന് ശരിയായ ചികിത്സ ലഭിക്കണമെന്നും അതിന് പ്രശസ്തിയുടെ ആവശ്യമില്ലെന്നും നിര്‍വാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം അറിയിച്ചത്.
നിര്‍വാന് സോള്‍ജന്‍സ്‌മ എന്ന ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് 17.5 കോടിയിലേറെ ചെലവ് വരുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ വേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എസ്.എം.എ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവെയ്‌പ് ആവശ്യമാണ്.
പ്രായമായിട്ടും മകന്‍ ഇരിക്കാനും എഴുന്നേല്‍ക്കാനും മടികാണിച്ചതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു. ആദ്യ പരിശോധനകളില്‍ ഞരമ്പിന് പ്രശ്നമുണ്ടെന്നും നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. വീണ്ടും പരിശോധന നടത്തിയതോടെയാണ് ജനുവരി അഞ്ചിന് കുഞ്ഞിന് എസ്.എം.എ ടൈപ്പ് 2 ആണെന്ന് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിന് മുമ്പ് മരുന്നു നല്‍കിയാലേ പ്രയോജനമുള്ളൂ. ഓരോ ദിവസം വൈകുന്തോറും രോഗം കൂടും. പണം സ്വരൂപിക്കാന്‍ ഏറെ ബുദ്ധിമുട്ടേറുന്ന സമയത്താണ് അജ്ഞാതൻ്റെ സഹായം കുഞ്ഞ് നിര്‍വാന് കൈത്താങ്ങായത്.
