അനന്യയുടെ ആത്മഹത്യ: സംസ്ഥാന ആരോഗ്യ -സാമൂഹ്യനീതി വകുപ്പുകള്‍ ഊർജ്ജിതമായി അന്വേഷണം നടത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അനന്യയുടെ ആത്മഹത്യ: സംസ്ഥാന ആരോഗ്യ -സാമൂഹ്യനീതി വകുപ്പുകള്‍ ഊർജ്ജിതമായി അന്വേഷണം നടത്തുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്‍റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സാമൂഹ്യ നീതി വകുപ്പും തീരുമാനിച്ചു. ആരോഗ്യ വകുപ്പും നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രശ്‌നത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ഡോ.ആര്‍. ബിന്ദു ചുമതലപ്പെടുത്തി.

മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. അനന്യയുടെ മരണകാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയ ശേഷം പ്രതികരിക്കുമെന്ന് ട്രാന്‍സ് ജെന്‍ഡര്‍മാരുടെ സംഘടന അറിയിച്ചു.

അനന്യ അലക്സിന്‍റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും, പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കും.സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ശാരീരികവും മാനസീകവും ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കാനും തീരുമാനമായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളിലെ ചൂഷണവും, വഞ്ചനയും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് അറിയിക്കുന്നു

ട്രാന്‍സ്ജണ്ടര്‍ ആക്ടിവിസ്റ്റ് അനന്യയെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

0Shares