
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും. കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്നുയാത്രക്കാരും മരിച്ചു.
അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും ഉള്‍പ്പെടുന്നു. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. രോഹിത് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. രോഹിതിൻ്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലാണ്. ആശുപത്രിയിൽ എത്തിയ ബന്ധുക്കളാണ് രോഹിതിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 38 പേരാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്‌ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം.
അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആൻ്റെണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിൻ്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജോജോ പത്രോസ് എന്നാണ് ഇയാള്‍ പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസില്‍ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

അപകടസമയത്ത് ബസിൻ്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിൻ്റെ ജി.പി.എസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി.
ബസില്‍ ജോമോനെക്കുടാതെ എല്‍ദോ എന്ന റിസര്‍വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.
