
കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടു വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പൊതുകുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തി ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്‌തിഷ്‌ക ജ്വരം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്‌തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

ആഴ്ച്ചകള്‍ക്ക് മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അമിബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നു വയസുകാരി മരിച്ചിരുന്നു. തോട്ടടയിലെ രാഗേഷ് ബാബുവിൻ്റെയും ധന്യ രാഘേഷിൻ്റെയും മകള്‍ ദക്ഷിണയാണ് മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം ലഭിച്ചത്.
സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.
