
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ്റെയും ധർമേന്ദ്രയുടെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി. മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നത്. നാഗ്പൂർ പൊലീസിൻ്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാതൻ്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതായി നാഗ്പൂർ പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ ഉടൻ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി എത്തി ഇരുവരുടെയും വീട് പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചന് മുംബൈയിൽ അഞ്ച് വീടുകളുണ്ട്. ജൽസ, ജനക്, വത്സ, പ്രതീക്ഷ. പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ താമസിച്ചിരുന്നത്. നിലവിൽ ബച്ചൻ കുടുംബം കഴിയുന്നത് ജൽസയിലാണ്.

ധർമേന്ദ്ര ജുഹുവിലെ ബെഗ്ലാവിലാണ് താമസം. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വിവിധയിടങ്ങളിൽ നിന്നും ഭീഷണി ഉയരുന്നതിനാൽ ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപീം കോടതി നിർദേശിച്ചു.
