തൃശൂരില്‍ പൊട്ടിച്ചിതറിയത് അമിട്ട് ഗുളികകള്‍; ഭൂകമ്പമെന്ന് കരുതി പേടിച്ച്‌ പ്രദേശവാസികള്‍, പത്ത് കിലോമീറ്റര്‍ ദൂരേക്ക് സ്ഫോടനത്തിൻ്റെ പ്രകമ്പനം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തൃശൂരില്‍ പൊട്ടിച്ചിതറിയത് അമിട്ട് ഗുളികകള്‍; ഭൂകമ്പമെന്ന് കരുതി പേടിച്ച്‌ പ്രദേശവാസികള്‍, പത്ത് കിലോമീറ്റര്‍ ദൂരേക്ക് സ്ഫോടനത്തിൻ്റെ പ്രകമ്പനം

എരുമപ്പെട്ടി / തൃശൂര്‍: ഭൂമികുലുക്കം ആണെന്നാണ് ആദ്യം കരുതിയതെന്ന് കുണ്ടന്നൂരില്‍ സ്‌ഫോടനം നടന്ന വെടിക്കെട്ട് നിര്‍മാണ ശാലയുടെ പരിസരത്തുള്ള വീട്ടുകാര്‍. നിമിഷങ്ങളുടെ വ്യത്യാസത്തിത്തില്‍ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. പത്ത് കിലോമീറ്ററിലധികം ദൂരേക്ക് സ്ഫോടനത്തിൻ്റെ പ്രകമ്പനം ഉണ്ടായി.

സമീപത്ത് വീടുകളില്ലെങ്കിലും അര കിലോമീറ്റര്‍ പരിധിയിലെ വീടുകളിലെ ജനല്‍ചില്ലുകളെല്ലാം സ്ഫോടനത്തിൻ്റെ ആഘാതത്തില്‍ തകര്‍ന്നു. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡും സമീപത്തെ തെങ്ങ്, മരങ്ങള്‍ എന്നിവയും പൂര്‍ണമായി കത്തിനശിച്ചു. സ്ഥലത്തെ തെങ്ങിലെ തേങ്ങകള്‍ നൂറ് മീറ്ററോളം അകലെ വരെ തെറിച്ചു വീണു.

തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിനാണ് സംഭവം. സ്ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റ ആലത്തൂര്‍ കാവശ്ശേരി സ്വദേശി മണികണ്ഠനെ മണി (50) മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് ശിവകാശിയില്‍ നിന്നുള്ള നാല് തൊഴിലാളികള്‍ പണി കഴിഞ്ഞ് കുളിക്കാന്‍ പോയതിനാല്‍ രക്ഷപ്പെട്ടു.

കുണ്ടന്നൂര്‍ തെക്കേ പാടശേഖരത്തിന് സമീപത്തെ കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍ പാട്ടത്തിനെടുത്ത പറമ്പില്‍, കള്ളിവളപ്പില്‍ ശ്രീനിവാസൻ്റെ വെടിക്കെട്ട് ശാലയിലായാണ് തീപിടിത്തമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തിൻ്റെ 100 മീറ്റര്‍ അകലെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

വിവിധ വര്‍ണങ്ങളില്‍ പൊട്ടിവിരിയുന്നതിന് അമിട്ടില്‍ ചേര്‍ക്കുന്ന ഗുളികകള്‍ ഉണക്കി സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഉണങ്ങിയ ഗുളികയില്‍ ഒന്നില്‍ തീ ജ്വലിക്കുന്നത് കണ്ടപ്പോള്‍ മണികണ്ഠന്‍ തീയണക്കാന്‍ വെള്ളമൊഴിച്ചതോടെയാണ് എല്ലാം കൂടി ഉഗ്രസ്ഫോടനത്തോടെ കത്തിയതെന്ന് പറയുന്നു. ഉണക്കത്തിൻ്റെ സമയമനുസരിച്ച്‌ രണ്ട് ഭാഗങ്ങളിലായാണ് ഗുളികകള്‍ സൂക്ഷിച്ചിരുന്നത്. വീര്യം കൂടിയ രാസവസ്തുക്കൾ ആയതിനാലാണ് ഉണക്കുന്നതിനിടെ സ്ഫോടനം നടക്കാന്‍ കാരണമെന്ന് വെടിക്കെട്ട് വിദഗ്ധര്‍ പറയുന്നു. 50 കിലോഗ്രാമില്‍ കൂടുതല്‍ അമിട്ട് ഗുളികകള്‍ ഉണ്ടായിരുന്നതായി പറയുന്നു.

വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്താല്‍ തീയണച്ചത്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജ്, വടക്കാഞ്ചേരി പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എ.സി മൊയ്തീന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.

0Shares