വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: ആക്ഷൻ കമ്മിറ്റി

You are currently viewing വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: ആക്ഷൻ കമ്മിറ്റി

ബോവിക്കാനം / കാസർകോട്: വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ്‌ ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി. കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ സിദ്ദിഖ് ബോവിക്കാനവും കൺവീനർ സി.കെ.എം മുനീറും ആവശ്യപ്പെട്ടു. ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയിരുന്നതിന് തെളിവായുള്ള ശബ്‌ദ സന്ദേശങ്ങള്‍ കുടുംബം നേരത്തേ പൊലീസിന് കൈമാറിയിരുന്നു.

കഴിഞ്ഞ മാർച്ച്‌ 30ന് പരീക്ഷാ തലേന്ന് വൈകിട്ട് ആറരയോടെയാണ് ചെർക്കള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിനി മുളിയാർ ആലന്തടുക്കയിലെ സുഹൈലയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ചിലർ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി കാണിച്ച്‌ സഹോദരൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് പരാതി നൽകിയിരുന്നു.

കേസിലെ മുഖ്യപ്രതിയെ ചൊവ്വാഴ്‌ച ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ എ.അനിൽ കുമാർ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബദിയടുക്ക, പിലാങ്കട്ട, അർത്തിപ്പള്ളം സ്വദേശിയും മുളിയാർ മൂലടുക്കത്ത് താമസക്കാരനുമായ മുഹമ്മദ് ഇർഷാദ് (23) ഇപ്പോൾ റിമാണ്ടിലാണ്. കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിന് റിമാണ്ടിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ കൊടുക്കുമെന്നാണ് സൂചന. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

രണ്ടുപേർ പോലീസിൻ്റെ വലയിലായതായും സൂചനയുണ്ട്. സഹപാഠികളായ രണ്ട് വിദ്യാർത്ഥിനികളുടെയും ഷുഹൈലയുടെ സഹോദരിമാരുടെയും രഹസ്യമൊഴി കഴിഞ്ഞമാസം കാസർകോട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

ഷുഹൈല ഉപയോഗിച്ചിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ നാല് യുവാക്കള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിൻ്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കാരണക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബത്തിൻ്റെയും ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യം.

0Shares