ചെള്ള് പനി ബാധിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ; എന്താണ് ചെള്ള് പനി, കാരണവും പ്രതിരോധവും അറിയാം

You are currently viewing ചെള്ള് പനി ബാധിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ; എന്താണ് ചെള്ള് പനി, കാരണവും പ്രതിരോധവും അറിയാം

തിരുവനന്തപുരം: വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച്‌ മരിച്ചു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു. ഒരാഴ്ച മുമ്പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.

പിറ്റേദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

മെഡിക്കല്‍ പരിശോധനയില്‍ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

എന്താണ് ചെള്ള് പനി

റിക്കെറ്റ്‌സിയേസി കുടുംബത്തിൽ പെടുന്ന ഗ്രാം-നെഗറ്റീവ് പ്രോട്ടിയോബാക്ടീരിയം ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടും.

രോഗ ലക്ഷണങ്ങൾ

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശി വേദന, ചുമ, വിറയൽ ദഹന പ്രശ്നങ്ങൾ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചുണങ്ങ്, എസ്കാർ, സ്പ്ലെനോമെഗാലി, ലിംഫെഡെനോപ്പതി എന്നിവ സാധാരണ അടയാളങ്ങളാണ്. അസുഖത്തിൻ്റെ ആദ്യഘട്ടത്തിൽ ല്യൂക്കോപീനിയയും അസാധാരണമായ കരൾ പ്രവർത്തനങ്ങളും സാധാരണയായി കാണപ്പെടുന്നു.

ന്യൂമോണിറ്റിസ്, എൻസെഫലൈറ്റിസ്, മയോകാർഡിറ്റിസ് എന്നിവ രോഗത്തിൻ്റെ അവസാനഘട്ടത്തിലാണ് സംഭവിക്കുന്നത്. തുടക്കത്തിൽ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിൻ്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും.

ഇന്ത്യയിലെ ബീഹാറിലെ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോമിൻ്റെ ഏറ്റവും സാധാരണ കാരണം ഇത് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2013 ഡിസംബർ മാസത്തിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിൽ ഈ രോഗം പടരുന്നതായി നിരീക്ഷിച്ചിരുന്നു. കേരളത്തിൽ വ്യാപകമായി ചെള്ളുപനി റിപ്പോർട്ട് ചെയ്ത 2015 ൽ 1149 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ 15 പേർ മരിക്കുകയും ചെയ്തിരുന്നു.

കാരണവും പ്രതിരോധവും

സസ്യജാലങ്ങളുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ചില ഇനം ചെള്ളുകൾ (“ചിഗ്ഗേഴ്സ്”, പ്രത്യേകിച്ച് ലെപ്റ്റോട്രോംബിഡിയം ഡിലിയൻസ് ആണ് സ്‌ക്രബ് ടൈഫസ് പകർത്തുന്നത്. രോഗം ബാധിച്ച എലികളെ കടിക്കുന്ന ചെള്ളുകൾ രോഗം മറ്റ് എലികളിലേക്കും മനുഷ്യരിലേക്കും (മനുഷ്യരെ ചെള്ള് കടിക്കുമ്പോൾ) രോഗം പകർത്തുന്നു.

ചികിത്സാ പ്രതിവിധികൾ

ചികിത്സിച്ചില്ലെങ്കിൽ രോഗം മാരകമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ആൻറിബയോട്ടിക്കുകളുടെ ഉപയോഗം മൂലം മരണങ്ങൾ 4–40% ൽ നിന്ന് 2% ൽ താഴെയായി കുറഞ്ഞു.

സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് ഡോക്സിസൈക്ലിൻ അല്ലെങ്കിൽ ടെട്രാസൈക്ലിൻ ആണ്, ഇതിന് ബദലായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ് ക്ലോറാംഫെനിക്കോൾ. റിഫാംപിസിൻ, അസിത്രോമൈസിൻ എന്നിവയാണ് ഇതര മരുന്നുകൾ. കുട്ടികളിലും സ്‌ക്രബ് ടൈഫസ് ഉള്ള ഗർഭിണികളിലും ഡോക്സിസൈക്ലിൻ പ്രതിരോധം സംശയിക്കപ്പെടുമ്പോൾ അസിത്രോമൈസിൻ ഒരു ബദലാണ്.

പ്രസവവും ഗർഭം അലസലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗർഭകാലത്ത് സിപ്രോഫ്ലോക്സാസിൻ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയില്ല. സാധ്യമായ പ്രതികൂലത കാരണം ഡോക്സിസൈക്ലിൻ, റിഫാംപിസിൻ കോമ്പിനേഷൻ തെറാപ്പിയും ശുപാർശ ചെയ്യുന്നില്ല.

0Shares