
തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ തൊടുപുഴയില്‍ പിടിക്കപ്പെട്ട കോതമംഗലം സ്വദേശിനി അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായ വാഗ്ധാനവുമായി ചെറുവട്ടൂര്‍ ഗവണ്‍മെണ്ട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ. പെണ്‍കുട്ടികള്‍ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയില്‍ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌കൂള്‍ പി.ടി.എ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയത്.
നിലവില്‍ ലഹരിമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അക്ഷയ ഷാജി. അക്ഷയക്ക് തുടര്‍ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നല്‍കാനാണ്, അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ സ്‌കൂള്‍ പി.ടി.എയുടെ തീരുമാനം. മറ്റൊരു പെണ്‍കുട്ടിയും ഇനി ഇത്തരം ചതിക്കുഴിയില്‍ വീഴരുതെന്ന സന്ദേശം ഉയര്‍ത്തിയാണ് പി.ടി.എ രംഗത്തു വന്നിട്ടുള്ളത്.

പഠനത്തിലും പഠ്യേതരവുമായ കലാപരമായ കഴിവ് ഉണ്ടായിരുന്ന അക്ഷയ ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ വജ്ര ജൂബിലി ഫെലോഷിപ്പ് അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.മികച്ച മാര്‍ക്കോടെ 2018 പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജില്‍ 80 ശതമാനം മാര്‍ക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടര്‍ പഠനത്തിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ചേരുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശി യൂനസ് റസാക്കുമായി പ്രണയത്തില്‍ ആയി. പിന്നീട് പഠനം മുടങ്ങി.
ആറുമാസം തൊടുപുഴയിലെ രണ്ട് ടെക്സ്റ്റൈല്‍സില്‍ അക്ഷയ ജോലി ചെയ്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അക്ഷയയും യൂനസും സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിലാകുന്നത്. ഇവരില്‍ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് റസാക്കിനെ അക്ഷയ പരിചപ്പെടുന്നത് എന്ന് അക്ഷയയുടെ ബന്ധുക്കൾ പറഞ്ഞു. ക്യാമറയില്ലാതെ സംസാരിച്ചു തുടങ്ങിയ അക്ഷയയുടെ അമ്മയും അച്ഛമ്മയും നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സാധാരണ കുടുംബത്തിൽ വളർന്ന അക്ഷയ പ്ലസ്‌ടുവിന് മികച്ച മാർക്ക് നേടി പാസ്സായി കോതമംഗലം മാർ അത്താനാസിയോസ് കോളേജിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്.
ബന്ധം വീട്ടിലറിഞ്ഞതോടെ വലിയ പ്രശ്നമുണ്ടായി. ഇതരമതസ്ഥനായ ഒരാളുടെ ഒപ്പം ഒരു കാരണവശാലും വിവാഹം കഴിപ്പിച്ചയക്കില്ലെന്ന് പറഞ്ഞു. എന്നാൽ ഒരേവാശിയിൽ തന്നെ അക്ഷയ നിന്നു. യൂനസ് റസാക്കുമായുള്ള ബന്ധം അറിഞ്ഞ് പിതാവ് അക്ഷയയുടെ മൊബൈൽ ഫോൺ തല്ലിതകർക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് ഇയാളെ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്.
എന്നാൽ അക്ഷയയോട് വിവാഹം കഴിക്കും എന്നും പറഞ്ഞു. ഇതിനിടയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിൽ ചാടി അക്ഷയ ആത്മഹത്യക്ക് ശ്രമം നടത്തി. വാരിയെല്ലൊടിഞ്ഞ നിലയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് അന്ന് രക്ഷപെടുത്തിയത്. ഇതോടെ യൂനസ് റസാക്കിൻ്റെ തൊടുപുഴയിലെ വീട്ടിൽ വിവാഹകാര്യവുമായി മാതാപിതാക്കൾ പോയി. എന്നാൽ അവർ വിവാഹത്തിന് എതിരായിരുന്നു. അഞ്ചുനേരം നിസ്‌ക്കരിക്കുന്ന കുടുംബമാണ് എന്നും അതിനാൽ അന്യമതക്കാരിയായ പെൺകുട്ടിയെ മകനുമായി വിവാഹം കഴിപ്പിക്കാൻ താൽപര്യമില്ലെന്നു ആയിരുന്നു മറുപടി. ഇക്കാര്യം അക്ഷയുമായി വീട്ടുകാർ സംസാരിച്ചപ്പോൾ ഇനി ബന്ധത്തിനൊന്നും പോകില്ലെന്നായിരുന്നു മറുപടി. എന്നാൽ വീട്ടുകാരറിയാതെ വീണ്ടും ഇവർ ബന്ധം തുടരുകയായിരുന്നു.
ആറുമാസത്തെ കോഴ്‌സ് നാല് മാസമായപ്പോൾ നിർത്തി. പിന്നീട് തുണിക്കടയിൽ ജോലിക്ക് പോകുകയായിരുന്നു. തൊടുപുഴയിലുള്ള ടെകസ്റ്റയിൽസ് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചും ഇരുവരും തമ്മിൽ നിത്യവും കാണുന്നത് പതിവായി. വിദേശത്ത് ജോലി ശരിയാക്കാനായി പിതാവ് ഇതിനിടയിൽ ശ്രമം നടത്തി. അതിനായി പണം മുടക്കുകയും ചെയ്തു. അതിനിടയിലാണ് എം.ഡി.എം.എയുമായി അക്ഷയ പിടിയിലാകുന്നത്.
