
കാസർകോട്: ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് കെ സബീഷ് അവതരിപ്പിച്ചു. ശുചിത്വ – മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 51,00,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഗാര്‍ഹികതലത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചികള്‍ നല്‍കുന്നതിനുളള പദ്ധതി ആവിഷ്‌കരിക്കുന്നതിനായി 500000 രൂപ അനുവദിച്ചു. ദ്രവമാലിന്യ സംസ്‌കരണത്തിനായി സോക്കേജ് പിറ്റുകള്‍, ചെറുകിട സെപ്‌റ്റേജ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 3,50,000 രൂപ നീക്കിവെച്ചു.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലയുടെ തന്നെ ഏറ്റവും മികച്ച ഹരിതകര്‍മ്മ സേനയെ വാര്‍ത്തെടുക്കുന്നതിനായി ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ക്ക് 10,00,000 രൂപ നീക്കിവെച്ചു. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ശേഖരിച്ചു വെക്കുന്നതിന് കൂടുതല്‍ മിനി എം. സി. എഫ് കള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ബോട്ടില്‍ ബൂത്തു സ്ഥാപിക്കുന്നതിനും 25 ലക്ഷം രൂപയും വകയിരുത്തി.

എം.സി.എഫ്.ൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ചുറ്റുമതില്‍ നിര്‍മ്മാണം, സി.സി.ടി.വി. ക്യാമറകളുടെ സ്ഥാപനം, എം.സി.എഫിൻ്റെ സമീപത്തായി ഒരു ഉദ്യാനത്തിൻ്റെ നിര്‍മ്മാണം എന്നിവയ്ക്കായി 15,00,000 രൂപ നീക്കിവെച്ചു. ശുചിത്വ പരിപാടികളുടെ ഭാഗമായി ചിത്താരി പാലം മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള സംസ്ഥാനപാതയുടെ ശുചീകരണത്തിനായി 3,00,000 രൂപ ബജറ്റില്‍ വകയിരുത്തി. പൂത്താലിക്കുളം സംരക്ഷണത്തിനും ശുചീകണത്തിനുമായി 2,50,000 രൂപയും വകയിരുത്തി.
ടൂറിസം മേഖലയുടെ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2 ലക്ഷം രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്. പഞ്ചായത്തിലെ അടോട്ട്, വെള്ളായി, രാവണേശ്വരം വയലുകളിലെ പക്ഷി സങ്കേതങ്ങളുടെ വികസനത്തിനായും പക്ഷിനിരീക്ഷണം സംബന്ധിച്ച പഠനങ്ങള്‍ക്കായും 1,00,000 രൂപ നീക്കിവെച്ചു. ചിത്താരിപ്പുഴയുടെ സംരക്ഷണത്തിനായി 2,00,000 രൂപ വകയിരുത്തി.
