എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ അദാനി; 29.18% ഓഹരി വാങ്ങി, ഒന്നും അറിഞ്ഞില്ലെന്ന് ചാനൽ കമ്പനി ഉടമകൾ

You are currently viewing എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ അദാനി; 29.18% ഓഹരി വാങ്ങി, ഒന്നും അറിഞ്ഞില്ലെന്ന് ചാനൽ കമ്പനി ഉടമകൾ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ ബിസിനസ് ഭീമന്‍ അദാനി ഗ്രൂപ്പ്. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി എൻ്റെര്‍പ്രൈസസിൻ്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികള്‍ വാങ്ങിയത്. എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ്ങിൻ്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍.ഡി.ടി.വിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.

‌അതേസമയം അദാനിയുമായി നേരിട്ട് ഓഹരി വില്‍പന നടത്തുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിൻ്റെ പ്രധാന ഓഹരി ഉടമകളായ രാധിക റോയിയോ പ്രണോയ് റോയിയോ ചര്‍ച്ചകള്‍ നടത്താതെയാണ് ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിയന്ത്രണം വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് എന്നാണ് കമ്പനി പറയുന്നത്.

വി.സി.പി.എല്‍ എന്ന കടലാസ് കമ്പനി ആര്‍.ആര്‍.പി.ആറിന് നല്‍കിയ വായ്പയുടെ പണം യഥാര്‍ഥത്തില്‍ മുടക്കിയത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.

റിലയന്‍സിൻ്റെ സഹസ്ഥാപനമായ റിലയന്‍സ് വെന്‍ച്വര്‍ ലിമിറ്റഡ് കമ്പനിക്ക് പൂര്‍ണ ഉടമസ്ഥതയിലുള്ള ഷിനാനോ റീടെയില്‍ പ്രൈവറ്റ് ലിമിറ്റഡിന് പണം കൈമാറുന്നു. ഷിനാനോ വഴി പണം വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ ലിമിറ്റഡിലും പിന്നീട് രാധിക റോയിയുടേയും പ്രണോയ് റോയിയുടേയും ഉടമസ്ഥതയിലുള്ള ആര്‍.ആര്‍.പി.ആര്‍ പ്രൈവറ്റ് ഹോള്‍ഡിങ് ലിമിറ്റഡിലേക്കും എത്തുന്നു.

ഇതിന് പിന്നാലെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിൻ്റെ ബോര്‍ഡിലുള്ള മഹേന്ദ്ര നഹാത്ത വി.സി.പി.എല്ലിന് 50 കോടിയും നല്‍കി. തങ്ങള്‍ കമ്പനിക്ക് നല്‍കിയ 403.85 കോടിയും തിരിച്ചു കിട്ടിയെന്ന് ഷിനാനോ അറിയിച്ചിട്ടുണ്ട്. പക്ഷേ വി.സി.പി.എല്‍ കമ്പനി ഓഫ് രജിസ്ട്രാറില്‍ അറിയിച്ചത് പ്രകാരം കമ്പനി 403.85 കോടിക്ക് നെക്സ്റ്റ്വേവ് ടെലിവെന്‍ച്വറിന് കടപ്പെട്ടിരിക്കുന്നു. ജിയോയുടെ ബോര്‍ഡിലുള്ള മഹേന്ദ്ര നഹാത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.

ചുരുക്കത്തില്‍, എന്‍.ഡി.ടി.വിയിലേക്ക് കടന്നുകയറാനുള്ള നീക്കവുമായി അദാനി മുന്നോട്ട് പോകുമ്പോള്‍ ഈ ഇടപാടുകളില്‍ അദൃശ്യ സാന്നിധ്യമായി മുകേഷ് അംബാനിയുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

എന്‍.ഡി.ടി.വിയുടെ ഓഹരി ഘടനയനുസരിച്ച്‌ ആര്‍.ആര്‍.പി.ആറിന് 29.18 ശതമാനം ഓഹരിയും രാധിക റോയിക്ക് 16.32 ശതമാനം ഓഹരിയുമുണ്ട്. ഇതിന് പുറമേ പ്രണോയ് റോയിയുടെ 15.94 ശതമാനം ഓഹരിയും ചേര്‍ത്ത് കമ്പനിയിലെ 61.45 ശതമാനത്തിൻ്റെയും നിയന്ത്രണം രാധിക റോയിക്കും ഇവരുടെ ഉടമസ്ഥതയിലുള്ള ആര്‍.ആര്‍.പി.ആര്‍ എന്ന സ്ഥാപനത്തിനുമാണ്.

എന്നാല്‍ എന്‍.ഡി.ടി.വിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 493 കോടി രൂപയുടെ ഓപ്പണ്‍ ഓഫറാണ് ഇത്. ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് അദാനി ​ഗ്രൂപ്പ് അറിയിച്ചത്.

0Shares