
വർഷങ്ങളായി ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയ നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. മേയ് 23നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐ.സി.യുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.

നിരവധി തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.
