
കന്നഡ സിനിമയിലെ വിവാദമായ മയക്ക് മരുന്ന് കേസില്‍ കന്നഡ നടി അനുശ്രീയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ ആദ്യം സ്ഥലം മാറ്റിയെങ്കിലും ആ ഉത്തരവ് അധികൃതര്‍ തന്നെ തടഞ്ഞു വച്ചു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് നായിക്കിനെയാണ് ലോകായുക്തയിലേക്ക് സ്ഥലം മാറ്റിയതായി കഴിഞ്ഞ ദിവസം ഉത്തരവ് വന്നത്.
ഇദ്ദേഹത്തിന് പകരം കൗപ് പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദിനെ അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നു. ഇപ്പോള്‍ ആ ഉത്തരവും തടഞ്ഞുവച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തരുണ്‍രാജുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അനുശ്രീയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കേസില്‍ നര്‍ത്തകന്‍ കിഷോര്‍ ഷെട്ടിയെയും സുഹൃത്തിനെയും അറസ്റ്റുചെയ്തത് ശിവപ്രകാശ് നായിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇവരെ ചോദ്യം ചെയ്‌താല്‍ പിന്നീട് ഉന്നതരായ കൂടുതല്‍ പേര്‍ കേസില്‍ കുടുങ്ങുമെന്നറിഞ്ഞതോടെ ഉന്നത തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.
എന്നാല്‍ സ്ഥലം മാറ്റത്തിന് കേസുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും സ്ഥലം മാറ്റത്തിന് ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പോലീസ് കമ്മീഷണര്‍ വികാസ് കുമാര്‍ പ്രതികരിക്കുകയുണ്ടായി. ഈ വിഷയത്തില്‍ വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും മാധ്യമങ്ങളില്‍ തെറ്റായി എങ്ങനെ വാര്‍ത്ത വന്നുവെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
