
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ആരോഗ്യ നില മോശമാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ പ്രതിഭയാണ് പ്രിയപെട്ടവരുടെ ശ്രീനി എന്നറിയപ്പെടുന്ന നടൻ ശ്രീനിവാസൻ. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങളെ മനസ്സിലാക്കി നർമ്മത്തിലൂടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സാധിച്ചു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എം.എയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും അടക്കം ഒട്ടനവധി ചിത്രങ്ങൾ മലയാളികൾക്ക് മറക്കാനാവാത്തവിധം മലയാള സിനിമക്ക് സമ്മാനിച്ചു. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
