
ഉദുമ / കാസർകോട്: ഉദുമ എരോൽ പടിഞ്ഞാറെ കൊവ്വലിലെ ക്വാർട്ടേഴ്‌സിന് സമീപം വെച്ചിരുന്ന ബൈക്കിന് അയൽവാസി തീയിട്ടു നശിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ആണ് റിമാണ്ടിലായത്.
കെ.വി മുനീറിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അയൽക്കാരനും കർണാടക സ്വദേശിയുമായ വിനയകുമാർ എന്ന പ്രവീൺ (42) ചൊവ്വാഴ്‌ച അർധരാത്രി മുൻ വിരോധത്താൽ തീയിട്ട് നശിപ്പിച്ചെന്നായിരുന്നു പരാതി.

ഹീറോ ഹോണ്ട പാഷൻ ബൈക്ക് പൂർണമായും കത്തി നശിച്ചു. മേൽപറമ്പ പോലീസ് കേസെടുത്തു. 30000 രൂപയുടെ നഷ്ടമുണ്ടായി എന്ന് പരാതിയിൽ പറയുന്നു. സി.ഐ ടി.ഉത്തംദാസിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ് പ്രദീഷ് കുമാർ ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസർകോട് ജില്ലാ വിരലടയാള വിദഗ്‌ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ച് തെളിവെടുപ്പ് നടത്തി. ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌ത് സബ് ജയിലിലേക്ക് അയച്ചു.
