Categories
business national news

അഞ്ഞൂറിൻ്റെ നോട്ടുകള്‍ പിന്‍വലിച്ച്‌ ആയിരത്തിൻ്റെ നോട്ടുകള്‍ വീണ്ടും കൊണ്ടു വരുമെന്നത് ഊഹാപോഹങ്ങള്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

അമ്പത് ശതമാനത്തോളം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി

മുംബൈ: അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. വായ്‌പാ നയം അവതരിപ്പിച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ അഞ്ഞൂറിൻ്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ല. അഞ്ഞൂറിൻ്റെ നോട്ടുകള്‍ പിന്‍വലിച്ച്‌ ആയിരത്തിൻ്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു നടപടികള്‍ക്കും പദ്ധതിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ആര്‍.ബി.ഐ 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. ഇതുവരെ അമ്പത് ശതമാനത്തോളം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് എത്തിയത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുത്തത്. ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയ് 19 നാണ് രാജ്യത്ത് രണ്ടായിരത്തിൻ്റെ നോട്ടുകള്‍ ആര്‍.ബി.ഐ പിന്‍വലിച്ചത്. സെപ്റ്റംബര്‍ മുപ്പതുവരെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാവുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest