
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മെട്ടമ്മല്‍ സ്വദേശി പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ സംഭവത്തില്‍ സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ് എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രിജേഷിനെതിരെ സദാചാര ആക്രമണമാണ് നടന്നതെന്നാണ് വിവരം. ഫോണില്‍ വിളിച്ച് വരുത്തി പുറവക്കാട് നിന്ന് കൊലപ്പെടുത്തിയ ശേഷം വീട്ടിനടുത്തെത്തിച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ യാത്ര സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വിശദമായ അന്വേഷണത്തില്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് വ്യക്തമാവൂ. 24 മണിക്കൂറിനുള്ളില്‍ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. രാത്രി ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങി പോയ പ്രിജേഷിനെ തിങ്കളാഴ്ച രാത്രി വീട്ടിനടുത്തുള്ള പറമ്പില്‍ ബുള്ളറ്റിനരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
