ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി, നിർണായക നീക്കവുമായി കേന്ദ്രസർക്കാര്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി, നിർണായക നീക്കവുമായി കേന്ദ്രസർക്കാര്‍

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്രത്തിൻ്റെ നിർണായക നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെണ്ട് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമ നിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിൻ്റെ നിർണായക നീക്കം ഉണ്ടായത്.

മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ ആയിരിക്കും സമിതി എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തു വന്നിട്ടില്ല.

ആരൊക്കെയാണ് മറ്റു അംഗങ്ങൾ എന്നതിനെ കുറിച്ചും വ്യക്തതയില്ല. വിരമിച്ച ജഡ്‌ജിമാരും സമിതിയിൽ ഉണ്ടാകുമെന്നാണ് സൂചനകള്‍.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബി.ജെ.പി മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്ക് ഉണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെണ്ട് സമിതി നേരത്തെ പരിശോധിച്ചിരുന്നു.

0Shares