കോഴിക്കോട്ട് പൊലീസിന് നേരെ വടിവാൾ വീശിയ കവര്‍ച്ചാ സംഘം പിടിയിൽ; ഒരാളെ പോലീസ് കീഴ്‌പ്പെടുത്തിയത് ബല പ്രയോഗത്തിലൂടെ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കോഴിക്കോട്ട് പൊലീസിന് നേരെ വടിവാൾ വീശിയ കവര്‍ച്ചാ സംഘം പിടിയിൽ; ഒരാളെ പോലീസ് കീഴ്‌പ്പെടുത്തിയത് ബല പ്രയോഗത്തിലൂടെ

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെ പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ, കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ, പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ്, വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

രണ്ടുസംഘങ്ങളായി പിരിഞ്ഞും നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. വെള്ളിയാഴ്‌ച രാത്രി ഒമ്പതിനാണ് സംഭവങ്ങളുടെ തുടക്കം.

ആനിഹാൾ റോഡിലൂടെ നടന്നു പോകുകയായിരുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്‌സും സംഘം കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടർന്ന് കോട്ടപറമ്പിലെ ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവൻ വരുന്ന സ്വർണമാലയും പഴ്‌സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു. ശേഷം മാവൂർ റോഡ് ശ്‌മശാനത്തിന് സമീപവും സമാനമായ രീതിയിൽ പഴ്‌സ് പിടിച്ചു പറിക്കാൻ ശ്രമിച്ചു.

വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം വാഹനത്തിൻ്റെ ബോണറ്റിൽ പ്രതികൾ വടിവാൾ കൊണ്ട് വെട്ടി. തുടർന്ന് കസബ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിന് നേരെ പ്രതികൾ വടിവാൾ വീശി.

പ്രതി സിറാജുദ്ദീനെ സംഭവസ്ഥലത്ത് വച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് പിടൂകൂടി. പ്രതികൾ സഞ്ചരിച്ച വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച പുലർച്ചെയാണ് അൻഷിദിനെ പുതിയറയിൽ വച്ച് ഓടിച്ചിട്ട് പിടികൂടിയത്. മറ്റു രണ്ടുപ്രതികളെ അവരുടെ വീടുകളിൽ വച്ച് അറസ്റ്റ് ചെയ്‌തു. കവർച്ച ചെയ്‌ത സ്വർണമാല അടക്കമുള്ളവയും കണ്ടെടുത്തു.

0Shares