കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; പോലീസ് വാഹനത്തില്‍ കാസര്‍കോട് അതിര്‍ത്തി തലപ്പാടിയില്‍ എത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക പോലീസ്  കസ്റ്റഡിയില്‍ എടുത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; പോലീസ് വാഹനത്തില്‍ കാസര്‍കോട് അതിര്‍ത്തി തലപ്പാടിയില്‍ എത്തിച്ചു

കഴിഞ്ഞ ദിവസം മംഗളൂരുവിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർത്തകരെ കർണ്ണാടക പോലീസ്‌ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. ഇവരെ കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരെ എത്തിച്ചു. കര്‍ണാടക പോലീസാണ് ഇവരെ ബസില്‍ എത്തിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടിച്ചെടുത്ത ക്യാമറയും മൈക്കും മൊബൈലും നല്‍കി. മാധ്യമപ്രവര്‍ത്തകരെ കേരള പോലീസിന് കൈമാറിയശേഷമാണ് കര്‍ണാടക പോലീസ് മടങ്ങി പോയത്. ഒരു കാരണവുമില്ലാതെയാണ് പോലീസ് കസ്റ്റഡിയില്‍ ഏഴുമണിക്കൂറോളം കഴിഞ്ഞതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. പുലര്‍ച്ചെ മംഗളൂരുവില്‍ റിപ്പോര്‍ട്ടിങിനെത്തിയതായിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ കിട്ടിയിരുന്നില്ല.

പോലീസ് സ്‌റ്റേഷനില്‍ പ്രതികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണമാണ് ഉണ്ടായിരുന്നത്. ഒരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുത്തതു കൊണ്ടുതന്നെ ഇവരാരും തന്നെ ആ ഭക്ഷണം കഴിച്ചില്ല.എട്ട് മാധ്യമപ്രവര്‍ത്തകരെയാണ് വിട്ടയച്ചത്. ബസില്‍ കയറിയപ്പോള്‍ മൊബൈലും എല്ലാം പോലീസ് വാങ്ങിവെക്കുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ ഒരു ക്രിമിനലിനെ കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു.

ആക്രമണം നടത്താൻ വന്ന വ്യാജ മാധ്യമപ്രവർത്തകർ എന്നാരോപിച്ചായിരുന്നു പോലീസിന്‍റെ ക്രൂരത. ഞങ്ങൾ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണെന്നും ഞങ്ങളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കണമെന്നും മലയാളി മാധ്യമ പ്രവർത്തകർ പറഞ്ഞെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അത് ചെവികൊണ്ടില്ല. പുറത്തു നിന്നുള്ളവരെ ബന്ധപെടാതിരിക്കാൻ അവരുടെ മൊബൈൽ ഫോണും പിടിച്ചെടുക്കുകയായിരുന്നു.

ഇതിനെതിരെ കേരളത്തിലും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. കേരള സർക്കാർ കർണാടക സർക്കാരിനെ വിവരം അറിയിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാസർകോട് കളക്ടർ, പോലീസ് മേധാവി എന്നിവർ മംഗളുരുവിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരുയുള്ള പോലീസ് വേട്ട അംഗീകരിക്കാനാവില്ലെന്ന് പത്രപ്രവർത്തക യൂണിയനും അറിയിക്കുകയുണ്ടായി.

0Shares