
അംഗഡിമുഗര്‍ / കാസർകോട്: മരം കടപുഴകി വീണ് ദാരുണമായി മരിച്ച ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് വേദനയോടെ നാടിൻ്റെ യാത്രാമൊഴി. കാസർകോട് അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിൻ്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് നാല് മണിയോടെ സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുകുട്ടികള്‍ക്കും പരിക്കേറ്റു. മരിച്ച കുട്ടിയുടെ മൃതശരീരം രാവിലെ അംഗഡിമുഗറിൽ പൊതുദർശനത്തിന് വെച്ചു. ദാരുണമരണത്തിൽ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
ആയിഷത്ത് മിന്‍ഹയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി അറിയിച്ചു. അധികൃതരുടെ അനാസ്ഥയാണ് മരം വീണു സ്‌കൂൾ വിദ്യാർത്ഥിനി മരണപ്പെടാൻ ഇടയാക്കിയതെന്ന് മഞ്ചേശ്വരം എം.എൽ.എ എ.ജി.സി ബഷീർ പറഞ്ഞു. സ്‌കൂളുകൾക്ക് പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ കലാവർഷത്തിന് മുമ്പേ മുറിച്ചുമാറ്റണമെന്ന ഉത്തരിവുണ്ടായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
