
കാസർകോട്: മലയോരത്തെ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനു പൊന്‍തൂവലായി കോടോത്ത് ഗവണ്‍മെന്റ് ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാകുന്നു. ഐ.ടി.ഐ കെട്ടിടനിര്‍മാണത്തിന് 6.09 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഭരണാനുമതിയായി. 2021-22 ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് കോടോം ഗവണ്‍മെന്റ് ഐ.ടി.ഐക്ക് തുക അനുവദിച്ചത്. ഐ.ടി.ഐ കെട്ടിടത്തിനാവശ്യമായ സ്ഥലം റവന്യുവകുപ്പ് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

കോടോത്ത് 1/ 42 സര്‍വേ നമ്പരിലുള്ള സ്ഥലത്താണ് ഐ.ടി.ഐ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു. 2017 നവംബറില്‍ ആരംഭിച്ച ഐ.ടി.ഐക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലായിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഏറെ ഗുണകരമായ കോടോം ഗവ. ഐ. ടി. ഐ യ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നത് ജില്ലയ്ക്ക് വളരെ നേട്ടമാണ്.
