ക്ഷീരഗ്രാമം പദ്ധതിയില്‍ മാതൃക: അജാനൂര്‍ പഞ്ചായത്തില്‍ പ്രതിദിനം സംഭരിക്കുന്നത് 4800 ലിറ്റര്‍ പാല്‍

  • Post category:local news
  • Reading time:1 min read
You are currently viewing ക്ഷീരഗ്രാമം പദ്ധതിയില്‍ മാതൃക: അജാനൂര്‍ പഞ്ചായത്തില്‍ പ്രതിദിനം സംഭരിക്കുന്നത് 4800 ലിറ്റര്‍ പാല്‍

കാസർകോട്: പാലുല്‍പാദനം വര്‍ധിപ്പിച്ച് ക്ഷീരമേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന ക്ഷീരഗ്രാമം പദ്ധതിയിലുടെ മാതൃകയായി അജാനൂര്‍ പഞ്ചായത്ത്. കോവിഡ് പ്രതിസന്ധിക്കിടയിലും 508 കര്‍ഷകരില്‍ നിന്നായി പ്രതിദിനം 4800 ലിറ്റര്‍ പാലാണ് പഞ്ചായത്തില്‍ സംഭരിക്കുന്നത്. ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ച ശേഷം പഞ്ചായത്തില്‍ 99 പുതിയ പശുക്കളെയും 16 കിടാരികളെയും പുതുതായി എത്തിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 കര്‍ഷകര്‍ പഞ്ചായത്തില്‍ പുതിയതായി ക്ഷീരഗ്രാമത്തിലൂടെ ഈ രംഗത്തേയ്ക്ക് വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണെന്ന് ഡയറി ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി. കൃഷ്ണന്‍ പറഞ്ഞു.

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ ഒന്നാണ് അജാനൂര്‍ പഞ്ചായത്ത്.

രണ്ട് പശു യൂനിറ്റ്, അഞ്ച് പശു യൂ്നിറ്റ്, കോമ്പോസിറ്റ് ഡയറി യൂനിറ്റ് ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, മിനറല്‍ മിക്‌സ്ചര്‍, ശാസ്ത്രീയ കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്കായി അജാനൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിലെ കര്‍ഷകര്‍ക്ക് 50 ലക്ഷം രൂപയാണ് ഇതുവരെ ധനസഹായമായി നല്‍കിയത്. പശുക്കളുടെ എണ്ണത്തിന് അനുസരിച്ചാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കിയത്. അഞ്ചോ അതിലധികമോ കറവപ്പശുക്കളെ വളര്‍ത്തുന്ന 18 ഫാമുകള്‍ പഞ്ചായത്തിലുണ്ട്.

കാഞ്ഞങ്ങാട്, ചിത്താരി, പുല്ലൂര്‍-പെരിയ എന്നീ ക്ഷീരസംഘങ്ങള്‍ ആണ് പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്ന പാലിൻ്റെ അളവ് മുന്‍ വര്‍ഷത്തേക്കാളും 20 ശതമാനം കൂടിയിട്ടുണ്ട്.

പാലുല്‍പാദനം സ്വയം പര്യാപ്തതയിലേക്കെത്തിക്കുക, ക്ഷീര സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക, ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

0Shares