സുബ്രത റോയിയുടെ മരണം; സെബിയുടെ കൈവശമുള്ള സഹാറയുടെ 25,000 കോടി രൂപക്ക് എന്ത് സംഭവിക്കും

You are currently viewing സുബ്രത റോയിയുടെ മരണം; സെബിയുടെ കൈവശമുള്ള സഹാറയുടെ 25,000 കോടി രൂപക്ക് എന്ത് സംഭവിക്കും

സഹാറാ ഗ്രൂപ്പ് സ്ഥാപകൻ സുബ്രതാ റോയിയുടെ മരണത്തോടെ, സെബിയുടെ കൈവശമിരിക്കുന്ന കമ്പനിയുടെ 25,000 കോടി രൂപ എന്തു ചെയ്യും എന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു. സെബിയുടെ പക്കലുള്ള ഈ 25,000 കോടിയുടെ പിന്നിലെ കഥ എന്താണ്? സെബി അക്കൗണ്ടിലുള്ള ഈ സഹാറ ഫണ്ടിന് ഇനി എന്ത് സംഭവിക്കും? ഇത്തരം കാര്യങ്ങള്‍ വിശദമായി മനസിലാക്കാം.

സഹാറ ഗ്രൂപ്പിലെ വിവിധ കമ്പനികള്‍ക്ക് കീഴില്‍ നിക്ഷേപം നടത്തി വെട്ടിലായവര്‍ക്ക് വിതരണം ചെയ്യാനുള്ള തുകയാണിത്. സഹാറ ഗ്രൂപ്പിൻ്റെ മൊത്തം 25,000 കോടി രൂപയിലധികം വരുന്ന തുകയാണ് സെബിയുടെ കൈവശമുള്ളത്.

2010ൻ്റെ തുടക്കത്തിലാണ് സുബ്രതാ റോയിയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഹാറാ ഗ്രൂപ്പ് സെബിയുടെ നിരീക്ഷണത്തിലായി. സഹാറാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷൻ ലിമിറ്റഡ് (SIREL), സഹാറ ഹൗസിംഗ് ഇൻവെസ്റ്റ്‌മെണ്ട് കോര്‍പ്പറേഷൻ ലിമിറ്റഡ് (SHICL) എന്നിവരോട് നിക്ഷേപകരില്‍ നിന്ന് ബോണ്ടുകള്‍ വഴി സമാഹരിച്ച തുക തിരികെ നല്‍കാൻ സെബി ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് സ്ഥാപനങ്ങളും ബോണ്ടുകള്‍ വഴി സമാഹരിച്ച 24,000 കോടി രൂപ നിയമവിരുദ്ധമാണെന്നും സെബി ചൂണ്ടിക്കാണിച്ചിരുന്നു.

2000കളുടെ മധ്യത്തില്‍ സഹാറാ ഗ്രൂപ്പ് രാജ്യത്തെ ചെറുകിട നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങിയിരുന്നെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ കൂടുതലും ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളാണ്. ഈ നിക്ഷേപകരില്‍ 97 ശതമാനവും 40,000 രൂപയില്‍ താഴെയാണ് നിക്ഷേപിച്ചത്.

വിഷയം ഒടുവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തി. 2012 ഓഗസ്റ്റ് 31ന് സുപ്രീം കോടതി സെബിയുടെ നിര്‍ദേശങ്ങള്‍ ശരിവെച്ചു. നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച തുക 15 ശതമാനം പലിശ സഹിതം തിരികെ നല്‍കാൻ രണ്ട് സ്ഥാപനങ്ങളോടും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നിക്ഷേപകര്‍ക്കു നല്‍കേണ്ട തുക ഇതിലും വളരെ കുറവാണെന്നും 95 ശതമാനത്തിലധികം നിക്ഷേപകര്‍ക്ക് നേരിട്ട് പണം തിരികെ നല്‍കിയിട്ടുണ്ടെന്നും സഹാറാ ഗ്രൂപ്പ് അറിയിച്ചു.

“സെബിയില്‍ പണം നിക്ഷേപിക്കാൻ കോടതി ഈ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അവരുടെ കൈവശം ഈ തുക ഇല്ലാതിരുന്നതിനാല്‍ അവര്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ വഴി 80,000 കോടി രൂപ സമാഹരിച്ചു. ഇതില്‍ 25000 കോടി രൂപ സെബിക്ക് കൈമാറി. ബാക്കി തുക സഹാറ ഗ്രൂപ്പ് ആംബി വാലി സിറ്റിയില്‍ നിക്ഷേപിച്ചു,” ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോടാണ് ഇക്കാര്യം പറഞ്ഞത്.

കേസിൻ്റെ വിചാരണക്കായി കോടതിയില്‍ ഹാജരാകാത്തതിനാല്‍ 2014ല്‍ സുബ്രതാ റോയി അറസ്റ്റിലായിരുന്നു. രണ്ട് വര്‍ഷത്തിലേറെ അദ്ദേഹം ജയിലില്‍ കിടന്നു. 2016 ല്‍ ജാമ്യം ലഭിച്ചു.

11 വര്‍ഷത്തിനിടെ, മേല്‍പറഞ്ഞ രണ്ടു കമ്പനികളിലെയും നിക്ഷേപകര്‍ക്ക് 138.07 കോടി രൂപ റീഫണ്ടായി സെബി നല്‍കിയിട്ടുണ്ട്. റീഇംബേഴ്‌സ്‌മെണ്ടിനായി പ്രത്യേകം തുറന്ന ബാങ്ക് അക്കൗണ്ടുകളിലാണ് 25,000 കോടി സഹാറാ ഗ്രൂപ്പ് നിക്ഷേപിച്ചത്. 2023 മാര്‍ച്ച്‌ 31 വരെ, റീ ഇംബേഴ്‌സ്‌മെണ്ടിനായി 19,650 അപേക്ഷകള്‍ ആണ് സെബിക്ക് ലഭിച്ചത്. ഇതില്‍ 17,526 അപേക്ഷകര്‍ക്കായി 138.07 കോടി രൂപ റീഫണ്ട് നല്‍കി. അപേക്ഷകര്‍ക്ക് റീഫണ്ട് നല്‍കിയ ശേഷം ബാക്കി തുക സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ പലിശ സഹിതം 25,000 കോടി രൂപയായി വള‍ര്‍ന്നത്. എന്നാല്‍ നിക്ഷേപക‍ര്‍ എത്താത്ത ബാക്കി തുകയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

ഈ 25000 കോടിക്ക് ഇനി എന്തു സംഭവിക്കും?

ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകള്‍ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ കേന്ദ്രം പരിശോധിച്ചു വരികയാണെന്ന് ഇക്കണോമിക് ടൈംസിൻ്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ തുകയിൻമേല്‍ ഇപ്പോള്‍ ആരും അവകാശവാദം ഉന്നയിച്ച്‌ എത്തുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ തുക ട്രാൻസ്ഫര്‍ ചെയ്യാൻ സമയമായിട്ടില്ലെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ”2.5 ലക്ഷം നിക്ഷേപകര്‍ക്കായി 230 കോടി രൂപ നല്‍കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞു. പുതിയ രജിസ്ട്രേഷനുകള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ സെബിയുടെ കൈവശമുള്ള പണം കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് ഇപ്പോള്‍ തന്നെ മാറ്റാൻ സാധിക്കില്ല”, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.

റീഇംബേഴ്‌സ്‌മെണ്ട് എളുപ്പമാക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ജൂലൈയില്‍ ‘സി.ആര്‍.സി.എസ്- സഹാറ റീഫണ്ട് പോര്‍ട്ടലും’ (CRCS-Sahara Refund Portal) ആരംഭിച്ചിരുന്നു.

0Shares