വന്യജീവി ആക്രമണം; 250 ക്യാമറകള്‍ സ്ഥാപിക്കും, വനം മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ വയനാട് ജില്ലയിലേക്ക്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing വന്യജീവി ആക്രമണം; 250 ക്യാമറകള്‍ സ്ഥാപിക്കും, വനം മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ വയനാട് ജില്ലയിലേക്ക്

വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും. വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.

അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപന യോഗത്തിന് ശേഷം കർണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പം ഉണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നല്‍കി. ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കല്‍ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.

പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, വനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട് കലക്‌ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വേണു.വി, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹം, എം.ആർ അജിത് കുമാർ, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിംഗ്, അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ പി പുകഴേന്തി, ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ജയപ്രസാദ്, റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നബാര്‍ഡ് വഴി നടപ്പാക്കുന്ന ആര്‍.ഐ.ഡി.എഫ് പദ്ധതിയിലേക്ക് 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കും.

സോളാര്‍ ഫെന്‍സിംഗ്, കല്‍മതില്‍, ക്രാഷ് ഗാര്‍ഡ്, നിരീക്ഷണ ക്യാമറകള്‍, വനവത്ക്കരണം എന്നിവക്കായി 150 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരെ സംരക്ഷികുക എന്നത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമായി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.

ജല്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷാ തമ്പി, സീതാ വിജയന്‍, സെക്രട്ടറി എ.കെ സുനില, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares