
കൊച്ചിയിൽ ഇരുപത്തൊന്നുകാരി ലഹരിവില്പന നടത്തിയിരുന്നത് പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ കറങ്ങിനടന്ന്. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനിയായ ഇരുപതുകാരി ബ്ലൈയ്സി ആണ് അറസ്റ്റിലായത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതി എക്സൈസിൻ്റെ വലയിലായത്. ഏത് പാതിരാത്രിയിലും ആവശ്യക്കാർ കൈമാറുന്ന ലോക്കേഷനിൽ മയക്കുമരുന്ന് എത്തിച്ചുനൽകുന്നതാണ് ബ്ലെയ്സിയുടെ രീതി. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം.
യുവതിക്ക് വൻതോതിൽ എം.ഡി.എം.എയടക്കം എത്തിച്ചുനൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുൾപ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിൻ്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തി. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
നോർത്ത് എസ്ആർ.എം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് പെൺകുട്ടി പിടിയിലായത്. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 1.962 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരിക്കച്ചവടത്തിൽ പങ്കുള്ളതായാണ് സംശയം. ചൊവ്വാഴ്ച എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു.
കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതൽപ്പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്. പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീർക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. ആർഭാടജീവിതമാണ് നയിച്ചിരുന്നത്.

കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രാത്രിയിലെ വില്പന കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി. അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റഗ്രാം വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
യുവതി എന്ന നിലയിൽ ഒരു കാരണവശാലും സംശയിക്കാതിരിക്കാൻ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും വിവരമുണ്ട്. ഇത്തരത്തിൽ വേറെയും യുവതികളുണ്ടോ എന്നും സംശയിക്കുന്നുണ്ടെന്നും സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.
