2017 തിരിഞ്ഞുനോട്ടം; ഒരു ഓണ്‍ലൈന്‍ മാധ്യമം ആണെങ്കിലും സമൂഹത്തിലെ നിരവധി പ്രശ്നങ്ങളില്‍ ഇടപെടാനും വാർത്തകളിലൂടെ അവയെ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും സാധിച്ചു; ചാനല്‍ ആര്‍.ബി കടന്നുവന്ന വഴികളും ചില വാർത്തകളും

  • Post category:news
  • Reading time:3 mins read
You are currently viewing 2017 തിരിഞ്ഞുനോട്ടം; ഒരു ഓണ്‍ലൈന്‍ മാധ്യമം ആണെങ്കിലും സമൂഹത്തിലെ നിരവധി പ്രശ്നങ്ങളില്‍ ഇടപെടാനും വാർത്തകളിലൂടെ അവയെ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും സാധിച്ചു; ചാനല്‍ ആര്‍.ബി കടന്നുവന്ന വഴികളും ചില വാർത്തകളും

ഒരു വാര്‍ത്താമാധ്യമം എന്ന നിലയില്‍ ചാനല്‍ ആര്‍.ബി അതിന്റെ ഒരു വർഷം പൂര്‍ത്തിയാക്കുമ്പോഴാണ് പുതുവര്‍ഷം വന്നെത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആണെങ്കിലും സമൂഹത്തിലെ നിരവധി പ്രശ്നങ്ങളില്‍ ഇടപെടാനും വാർത്തകളിലൂടെ അവയെ സമൂഹശ്രദ്ധയിൽ കൊണ്ടുവരാനും ചാനല്‍ ആര്‍.ബിക്ക് സാധിച്ചു.

സമൂഹത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞുകൊണ്ട് നേരിന്റെ ശബ്‍ദം വാർത്തകളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് കഴിഞ്ഞുവെന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടാണെങ്കിലും അതിനെയൊക്കെ മറികടന്നു മാധ്യമ പ്രവർത്തനത്തിന്റെ അന്തസത്ത കൈവിടാതെ ഒരു വാർത്താ കൂട്ടായ്മയുണ്ടാക്കുന്നതിലും പാളിച്ചകളില്ലാതെ ഇടപെടാൻ കഴിഞ്ഞു. സത്യമെന്നതിനാൽ ശക്തമാണ് ഞങ്ങളുടെ വർത്തകളെന്നും, എപ്പോഴുമെന്നും ഈയവസരത്തിൽ പറയാതിരിക്കാൻ വയ്യ. അസഹിഷ്ണുതയിൽ ലോക മാനവികതയുടെ മൂല്യശോഷണം സമസ്തമേഖലകളിലും പടരുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ ഒരു ജിഹ്വയായി വർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകം അതിന്റെ എല്ലാ പരാധീനതകളും അതിജീവിച്ചു പ്രയാണം തുടരുമ്പോൾ അതിനൊപ്പം അനീതിയ്ക്കെതിരെ വിരൽച്ചൂണ്ടി സത്യത്തിന്റെ ഒരു പൊൻകിരണവുമായി ഞങ്ങളും ജനങ്ങൾക്കൊപ്പം ചേരുകയാണ്.

കഴിഞ്ഞ വര്‍ഷം കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വിഷയമായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വാർത്തകൾ. പ്രസ്തുത കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആകുന്നതിനു മുമ്പ് തന്നെ തെളിവുകള്‍ വിരല്‍ ചൂണ്ടിയത് ജനപ്രിയ നടന് നേരെയായിരുന്നു.ഇക്കാര്യങ്ങൾ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചാനല്‍ ആര്‍.ബിയാണ്. പിന്നീട് നടന്ന സംഭവങ്ങളും പോലീസ് അന്വഷണവും ചാനൽ ആർ.ബി യുടെ വാർത്തയും പരിശോധിച്ചാൽ ഒരേ വഴിക്കായിരുന്നുവെന്നു നിസ്സംശയം പറയാനാകും.

വർഷങ്ങളോളം അദ്ധ്യാപകരും കുട്ടികളും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവാത്ത ഒരു വിഷയമായിരുന്നു ആയിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കാസര്‍കോട്ടെ ഏക ഗേള്‍സ് സ്‌കൂളായ നെല്ലിക്കുന്ന് ഹയർ സെക്കൻഡറിയിലെ പ്രശ്നങ്ങൾ. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനൽ ആർ.ബി റിപ്പോര്‍ട്ട് ചെയ്തു. 25 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം താങ്ങി നിർത്തുന്ന തൂണുകള്‍ മിക്കതും പൊളിഞ്ഞ് വീഴാറായതും, മുകള്‍ഭാഗത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ പുറത്ത് വന്ന നിലയിലും ആയിരുന്നു. അതിനാൽ ഏത് സമയവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു സ്‌കൂള്‍ കെട്ടിടം. കൂടാതെ സ്‌കൂള്‍ മുറ്റത്തെ ഉള്ള് പൊള്ളയായ പടുകൂറ്റന്‍ മരം നിലയില്‍ ഏത് സമയവും നിലം പൊത്താവുന്ന രൂപത്തിൽ അപകകടാവസ്ഥയിലായിരുന്നു. ചാനല്‍ ആര്‍.ബിയുടെ റിപ്പോര്‍ട്ട് അധികാരികള്‍ ശ്രദ്ധിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ സ്‌കൂളിന്റെ അറ്റകുറ്റപണികള്‍ ആരംഭിക്കുകയും ചെയ്തു.

മറ്റൊരു പ്രധാനപ്പെട്ട വാർത്തയായിരുന്നു സർക്കാർ സ്കൂളുകളിൽ പ്രവേശന സമയത്ത് കുട്ടികളില്‍ നിന്ന് പി.ടി.എ കമ്മിറ്റി പണം വാങ്ങുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. പണം കൈപ്പറ്റരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നുകൊണ്ട്‌ ചില സ്കൂളുകളില്‍ പി.ടി.എ പണം വാങ്ങുന്നതായി ഞങ്ങള്‍ തെളിവ് സഹീതം റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടലും ഉണ്ടായി. തുടര്‍ന്ന് ഡി.ഡി.ഇ ഇടപെട്ട് കൈപറ്റിയ പണം രക്ഷിതാക്കള്‍ക്ക് തിരിച്ചു കൊടുപ്പിക്കുകയായിരുന്നു.
മറ്റൊരു വിഷയമായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കടുക്കാൻ കേരളത്തിൽ നിന്നും ഗുജറാത്തിലേക്ക് പോയ ജനപ്രതിനിധികളെ തലയിൽ ഹിജാബിട്ടതിന്റെ (തട്ടം) പേരിൽ അപമാനിച്ചത്. ഈ വിഷയം ഗൗരവപൂർവ്വം വാർത്ത ചെയ്യുന്നതിലും ചാനൽ ആർ.ബി ശ്രദ്ധിച്ചു.

കാസർകോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തിൽ കൈവരിയില്ലാത്ത പള്ളത്തൂർ പാലത്തിൽ ജീവൻ പൊലിയുന്നത് തുടർകഥയായായിരുന്നു. റോഡപകടത്തിനെതിരെ ബോധവത്കരണ വാർത്തകൾ നൽകി ചാനൽ ആർ.ബി സാമൂഹ്യ ഇടപെടൽ നടത്തി. പിന്നീട് നടന്ന ഉദ്ദ്യോഗസ്ഥ നടപടിയും ഇപ്പോൾ നടക്കുന്ന പ്രവർത്തികൾക്കും അതൊരു നിദാനമായി.

കാസർകോട് നഗരത്തിൽ ഉൾപ്പടെ വർഷങ്ങളായി ആളുകൾ ഉപ്പുവെള്ളം കുടിക്കുമ്പോഴും നിർദിഷ്ട ബാവിക്കര തടയണ യാഥാർത്യമാക്കാത്തതിലും ചാനൽ ആർ.ബി ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താൻ വാർത്താപരമ്പരകൾ ചെയ്തു. ഇത് ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനു കാരണമായി. നിലവിൽ പദ്ധതിക്ക് പണം നീക്കിവെക്കുകയും നിർമാണപ്രവർത്തികൾ ആരംഭിക്കാൻ അനുമതിനൽകുകയും ചെയ്തത് ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

കാസർകോട്ടെ പലറോഡുകളും ഉപയോഗശൂന്യമായപ്പോൾ സ്വന്തം പാളയത്തിലുള്ളവരുടെ പ്രതിഷേധം കാസർകോട് എം.എൽ.എ ക്കെതിരെ ഉണ്ടായി. ഇതിന്റെ ഭാഗമായി നഗരത്തിൽ കൂറ്റൻ ഫ്ളക്സ് ബോർഡും ഉയർന്നു. അത് വാർത്തയായി പൊതുജനം അറിയുന്നത് ചാനൽ ആർ.ബിയിലൂടെയാണ്. കൂടാതെ കാസർകോട് എം.എൽ.എയുടെ സ്വന്തം നാട്ടിൽ റോഡ് പുനർനിർമാണത്തിനായി നീക്കിവെച്ച 60 ലക്ഷം രൂപ നഷ്ടമായി എന്ന കാര്യം പുറത്തുവിട്ടതും ചാനൽ ആർ.ബിയാണ്. പിന്നീട് ഇത് ഔദ്യോഗികതലത്തിൽ വലിയ ചർച്ചയാവുകയും ചെയ്തു.

കാസർകോട് നഗരസഭയിലെ തെരുവ് വിളക്കുകൾ നന്നാക്കിയതിന്റെ കുടിശ്ശിക ഫയൽ നഗരസഭയിൽ നിന്നും കാണാതായ വാർത്ത ജനങ്ങളെ അറിയിക്കാനായി. മറ്റൊരിക്കൽ കാസർകോട്ടെ ഒരു ഫ്ലാറ്റ് പൊളിച്ചുനീക്കാൻ നഗരസഭാ നോട്ടീസ് നൽകിയപ്പോൾ അത് ആദ്യം ജനങ്ങളിലേക്ക് എത്തിച്ചതും ചാനൽ ആർ.ബി യാണ്.

അടിക്കടി ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിയുന്നതിന്റെ പ്രധാനകാരണം ദേശീയപാതയുടെ ഓരത്തെ കാടുകള്‍ വളർന്ന് പന്തലിചു നിൽക്കുന്നതാണ്. കാട് വെട്ടിമാറ്റാത്ത അധികൃത നടപടി ഉന്നയിച്ചു വാർത്ത നൽകി. ദേശീയ പാതയുടെ പരിപാലനം ആവശ്യകത ആദ്യമായ് ഉയര്‍ത്തിക്കൊണ്ടുവന്നതാണ് കഴിഞ്ഞ വര്‍ഷം ചാനല്‍ ആര്‍.ബി നടത്തിയ മറ്റൊരു ശ്രദ്ധേയ പ്രവര്‍ത്തനം.

കേരളത്തിലെ ഒരുമന്ത്രിയുടെ രാജിയിലെത്തിയ ആലപ്പുഴയിലെ ഭൂമി കയ്യേറ്റ ചർച്ചകൾ മറ്റുമാധ്യമങ്ങളിൽ ചൂടുപിടിച്ചുനില്കുമ്പോൾ റവന്യൂ മന്ത്രിയുടെ വില്ലേജില്‍ നടന്ന ഭൂമി കയ്യേറ്റവിഷയം പുറത്തുകൊണ്ടുവരികയും തുടക്കം മുതല്‍ തന്നെ സജീവമായി ഇടപെടുകയും വാര്‍ത്തകളിലൂടെ നിരന്തരം ഉണ്ണായിച്ച്‌ അധികൃതരുടെ ശ്രദ്ധ വിഷയത്തില്‍ നിന്നും മാറാതിരിക്കാനും ഞങ്ങൾക്ക് സാധിച്ചു. ജില്ലാ കളക്ടറുടെ ഇടപെടലിൽ പിന്നീട് കയ്യേറ്റം ഒഴിപ്പിക്കുകയും സ്ഥലം സർക്കാർ കണ്ടുകെട്ടുകയും ചെയ്തു.

ഈ വിഷയങ്ങളൊക്കെ ഒരുവർഷത്തെ മാധ്യമം എന്ന നിലയിൽ ചാനൽ ആർ.ബി ചെയ്തു. വിവിധ രാജയങ്ങളിൽനിന്നായി ചാനൽ ആർ.ബിക്ക് ലഭിക്കുന്ന വലിയ വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ ഊർജം. ഈ നിമിഷം തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ സന്തുഷ്ടരാണ് 2018 ൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അതിന് വായനക്കാരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ ഞങ്ങൾ മുന്നോട്ടേക്കുള്ള പ്രയാണം തുടരട്ടെ…!

0Shares