
ചെന്നൈ / തിരുവനന്തപുരം: പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി ഭ്രൂണം വില്‍പ്പനയ്ക്കു വച്ച സംഭവത്തില്‍ കേരളത്തിലേക്കും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് തമിഴ്‌നാട് പൊലീസിനെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.
ഈറോഡിനും സേലത്തിനും പുറമേ കേരളത്തിലെയും ആന്ധ്രയിലേയും സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈറോഡിലെയും സേലത്തെയും രണ്ട് പ്രധാന ആശുപത്രികള്‍ തമിഴ്‌നാട് പൊലീലിൻ്റെ അന്വേഷണ വലയത്തിലാണ്.

അമ്മയുടെ കാമുകനുമായി തനിക്ക് നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതില്‍ നിന്ന് താന്‍ ഗര്‍ഭിണിയായി. തുടര്‍ന്നാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. ഇത് ഭ്രൂണ വില്‍പ്പനയ്ക്കാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. എട്ടു തവണ ഭ്രൂണ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ആയിരുന്നു. പെണ്‍കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. നാലു വര്‍ഷത്തിനിടെ എട്ട് തവണ ഇവര്‍ തൻ്റെ അണ്ഡം വിറ്റതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാതാവ്, അവരുടെ രണ്ടാം ഭര്‍ത്താവ്, ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മാലതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈറോഡിലെയും സേലത്തെയും ആശുപത്രികളില്‍ പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. മറ്റു ആശുപത്രികളിലേക്ക് കുട്ടിയെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെയും ആന്ധ്രയിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓരോ തവണ ഭ്രൂണ വില്‍പ്പന നടത്തുമ്പോഴും പെണ്‍കുട്ടിയുടെ അമ്മ ഇരുപതിനായിരം രൂപ വീതം വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. മാലതി എന്ന ഏജന്റിന് അയ്യായിരം രൂപ നല്‍കും. ഭ്രൂണ വില്‍പ്പനയ്ക്കായി വന്‍ റാക്കറ്റ് രംഗത്തുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
