
കാസറഗോഡ്: ജനാധിപത്യത്തിൽ പങ്കുചേരാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുമായി, തൻ്റെ സമ്മതിദാന അവകാശം ഒരിക്കൽ കൂടി വിനിയോഗിച്ചപ്പോൾ ആ മുഖത്ത് തെളിഞ്ഞത് പൗരബോധത്തിൻ്റെ അഭിമാനം. പൊങ്കൽ ഇളയാനിതോട്ടത്തിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യയാണ് അന്നമ്മ. ഇവർക്ക് ആറ് മക്കളാണുള്ളത് (ഇതിൽ ഒരാൾ മരണപ്പെട്ടു). തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പൊങ്കൽ സാംസ്കാരിക നിലയത്തിലെ 90-ാം നമ്പർ ബൂത്തിലെ വോട്ടറായ അന്നമ്മയ്ക്ക്, വാർദ്ധക്യസഹജമായ അവശതകൾ കാരണം ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം വോട്ടിങ് സംവിധാനം തുണയായത്.
പോളിംഗ് ഉദ്യോഗസ്ഥർ ഇളയാനിതോട്ടത്തിൽ വീട്ടിൽ നേരിട്ടെത്തി വോട്ടിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി നൽകുകയായിരുന്നു. വോട്ടെടുപ്പിൻ്റെ രഹസ്യ സ്വഭാവം പൂർണ്ണമായും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. സ്പെഷ്യൽ പോളിംഗ് ഓഫീസർ ഇ.എം ശ്രീരഞ്ജിനി, മൈക്രോ ഒബ്സർവർ വി.കെ രഞ്ജിത്ത്, അബ്ദുൾ റഹിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
