കാസര്‍കോട്: മദ്രസ അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു. കാസര്‍കോട് ദേശീയ പാതയില്‍ അണങ്കൂരിലാണ് സംഭവം. വാഹനങ്ങള്‍ തടയുകയായിരുന്ന നൂറോളം വരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ ഇരുചക്ര വാഹനത്തില്‍ ഓഫീസിലേക്ക് വരികയായിരുന്ന ചാനല്‍ ആര്‍.ബിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം എങ്ങോട്ടാണ് പോകുന്നതെന്നും, ഇതുവഴി പോകാന്‍ പറ്റില്ലെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രോശിക്കുകയും വാഹനത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയും ചെയ്തു. സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച അക്രമി സംഘം കൈയ്യേറ്റം ചെയ്യുകയും ഉണ്ടായി. മുസ്ലീമായ മാധ്യമ പ്രവര്‍ത്തകയായതിനാല്‍ ഇവര്‍ മതപരമായ കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാനല്‍ ആര്‍.ബി പ്രതിനിധിയേയും കയ്യേറ്റം ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇടപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ കയ്യേറ്റം വലിയ ഭവിഷ്യത്തിലേക്ക് വഴിയൊരുക്കും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. ഈ സമയം പോലിസ് വാഹനവും ജില്ലാ കളക്ടറുടെ വാഹനവും ഇതുവഴി കടന്നു പോയെങ്കിലും കൂടുതല്‍ പോലിസിനെ വിന്യസിപ്പിക്കാന്‍ വൈകിയതും ഇതുവഴി യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

സമാധാനപരമായ ഹര്‍ത്താലിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്‌തെങ്കിലും ഇതിനിടെ ചിലര്‍ മുതലെടുപ്പ് നടത്തിയതാണ് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയത്. ഒരാളുടെ മരണം നാടിനെ കണ്ണീരില്‍ ആഴ്ത്തുമ്പോള്‍ ഇതിനിടയില്‍ ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഹര്‍ത്താലുകള്‍ സാമൂഹ്യ ദ്രോഹികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമായി മാറുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ അപചയമായി വേണം കരുതാന്‍.