സർക്കാരിന് താൽപര്യമില്ല; തടസവുമായി ഉദ്യോഗസ്ഥ ലോബിയും ശക്തം; തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.പിന്‍മാറി; തലകുനിച്ച് ഇ.ശ്രീധരന്‍ മടങ്ങുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing സർക്കാരിന് താൽപര്യമില്ല; തടസവുമായി ഉദ്യോഗസ്ഥ ലോബിയും ശക്തം; തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.പിന്‍മാറി; തലകുനിച്ച് ഇ.ശ്രീധരന്‍ മടങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പിന്മാറുന്നു. ഇത് സംബന്ധിച്ച കത്ത് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി. സര്‍ക്കാരിന്റെ താല്‍പര്യക്കുറവും പദ്ധതിക്കെതിരായ ഉദ്യോഗസ്ഥ ലോബിയുടെ ശക്തമായ നീക്കങ്ങളുമാണ് ഡി.എം.ആര്‍.സിയുടെ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് ഇ.ശ്രീധരന്‍ നല്‍കുന്ന സൂചന. ഡി.എം.ആര്‍.സിയുടെ പിന്മാറ്റത്തോടെ ഇരു നഗരങ്ങളിലുമായി 7,746 കോടിയുടെ പദ്ധതിയാണ് മുടങ്ങുന്നത്.

പദ്ധതിയില്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ച് ഇ. ശ്രീധരന്‍ കൊച്ചിയില്‍ ഈ മാസം എട്ടിന് പത്രസമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്മാറ്റത്തോടെ മെട്രോ രംഗത്തുള്ള കേരളത്തിന്റെ വിശാലമായ സാധ്യതകള്‍ക്കാണ് മങ്ങല്‍ ഏറ്റിരിക്കുന്നത്. ഇ. ശ്രീധരന്‍ പിന്മാറിയതോടെ കേരളത്തിന്റെ മെട്രോ പദ്ധതികളില്‍ ഭാവിയിലും പൊതുമേഖലാ സ്ഥാപനമായ ഡി.എം.ആര്‍.സി. പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ഫലത്തില്‍ ഇനി കേരളത്തില്‍ മെട്രോ പദ്ധതി നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടി വരും. പൂര്‍ണമായും പി.പി.പി. ആയി മെട്രോ പദ്ധതികള്‍ ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ഏജന്‍സികള്‍ മെട്രോപദ്ധതികള്‍ നടപ്പാക്കിയാല്‍ ഉയര്‍ന്ന നിര്‍മാണച്ചെലവും ഉയര്‍ന്ന യാത്രാനിരക്കുമാകും വരിക.

ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതല്‍ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഡി.എം.ആര്‍സി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദര്‍ഘാസ് വിളിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഏറ്റവും ഒടുവിലായി മേല്‍പ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഡി.എം.ആര്‍.സിയുടെ പിന്മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.

നിര്‍മാണത്തിന്റെ ചുമതല ഡി.എം.ആര്‍.സി.ക്കു നല്‍കി 2016 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക ജോലികളുമായി ഡി.എം.ആര്‍.സി. മുന്നോട്ടുപോയി. മേല്‍പ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.ആര്‍.സി.എല്‍.) കൈമാറി. എന്നാല്‍, 2017 ഡിസംബറില്‍ ചേര്‍ന്ന കെ.ആര്‍.സി.എല്‍. ബോര്‍ഡ് യോഗത്തില്‍ മേല്‍പ്പാല നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.യെ ഒഴിവാക്കി ദര്‍ഘാസ് വിളിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആര്‍.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഫെബ്രുവരി 15-നകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഫെബ്രുവരി 28-ന് വീണ്ടും കത്ത് നല്‍കിയത്.

0Shares