
ചെന്നൈ: ‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഗോഡ്‍സെ’ എന്ന പരാമർശത്തിൽ കമൽഹാസന് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ തന്‍റെ ഈ പ്രസ്താവന പിൻവലിക്കില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കമൽഹാസൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കമൽ ഹാസനെ ഈ കേസിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

മദ്രാസ് ഹൈക്കോടതിയിൽ കമൽഹാസൻ മുൻകൂർ ജാമ്യം തേടി ഹർജി നൽകിയിരുന്നു. ‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‍സെയാണെ’ന്നായിരുന്നു കമൽഹാസന്‍റെ പരാമർശം. ഇത് ആളുകളെ ഭിന്നിപ്പിക്കുന്ന പരാമർശമാണെന്ന് കാട്ടി തമിഴ്‍നാട് സർക്കാർ കമൽഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയിരുന്നു.
പ്രസ്താവനക്ക് പിന്നാലെ കമൽഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായിരുന്നു. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസന് നേരെ ഒരു വിഭാഗം ആളുകൾ ചീമുട്ടയും കല്ലും എറിഞ്ഞു. ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽ ഹാസനെ ആക്രമിച്ചത്. ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തമിഴ്‍നാട് മന്ത്രി കെ. ടി രാജേന്ദ്രബാലാജിയാകട്ടെ കമൽഹാസന്‍റെ നാക്ക് വെട്ടിമാറ്റണമെന്നാണ് പറഞ്ഞത്.
