കാഞ്ഞങ്ങാട്: മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ അന്വേഷണം ഊർജിതമാക്കിയാതായി ഹൊസ്ദുർഗ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽ കുമാർ ചാനൽ ആർ.ബിയോട് പറഞ്ഞു. ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ നീലേശ്വരം സ്വദേശിയായ ഒരു പോലീസുകാരൻ്റെ സഹായം തട്ടിപ്പുകാർക്ക് ലഭിച്ചിരുന്നതായും പ്രതികളിലൊരാളായ യുവതിയുമായി ഈ പോലീസുകാരന് അടുത്ത ഇടപാടുകളുണ്ടായിരുന്നതായും സൂചനയുണ്ട്. മാവുങ്കാല്‍ സഞ്ജീവനി ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ട്രസ്റ്റി നാരായണന്‍ കുളങ്ങരയുടെ പരാതിയില്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റുമാരായ നീലേശ്വരത്തെ ജോസഫ്.വി.തോമസ്, എം.കെ സീമ, പുതിയകോട്ടയിലെ സി.ഷാജി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2018 ജൂണ്‍ ഒന്ന് മുതല്‍ ജുലായ് പത്തുവരെ ആശുപത്രിയില്‍ ലഭിച്ച വരുമാനമായ ഒരു ലക്ഷത്തി പതിനഞ്ചായിരത്തി മുപ്പത്തിനാല് (1,15034/-) രൂപയും സന്ദര്‍ശക ഡോക്ടര്‍മാരുടെ ഫീസും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ഇവര്‍ അക്കൗണ്ടിലടക്കാതെ തിരിമറി നടത്തിയെന്നാണ് കേസ്. വർഷങ്ങളായി പ്രതികൾ സാമ്പത്തിക തിരിമറികൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷണത്തിൽ കണ്ടെത്താനുണ്ട്. തിരിമറി നടത്തിയ പണം നിശ്ചിത ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ അടക്കാന്‍ മനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ച അവധിക്കും ജീവനക്കാർ പണം അടക്കാതെ ആശുപത്രി മാനേജ്‌മെന്റിനെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.