
കാസര്‍കോട്: കേരളത്തിലെ 37 ഇനം കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും ഐക്യ സംഘടനയായ സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (S.A.W.A.K) കാസര്‍കോട് ജില്ലാ കമ്മിറ്റി കൂട്ടായ്മയും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി മുപ്പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും സന്ധ്യാരാഗം ഓഡിറ്റോറിയത്തിലുമായാണ് പരിപാടി സംഘപ്പിക്കപ്പെടുന്നത്. എല്ലാ കലാരൂപങ്ങളുടെയും കലാകാരന്മാര്‍ ഈ സദസില്‍ എത്തിച്ചേരും.

ജനുവരി ഇരുപതിന് നടക്കുന്ന കള്‍ചറല്‍ മീറ്റ് സവാക് പ്രസിഡന്റ് ജി. വിശാഖന്‍ ഉത്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ അവശകലാകാരന്മാര്‍ക്കുള്ള സഹായം ജില്ലാകലക്ടര്‍ ജീവന്‍ ബാബു കൈമാറും. സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറുമണിക്ക് നടക്കുന്ന കലാപരിപാടികള്‍ പ്രശസ്ത സിനിമാ- പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉത്ഗാടണം ചെയ്യും. തുടര്‍ന്ന്, നൃത്തനൃത്യങ്ങള്‍, സോപാന സംഗീതം, ചെണ്ടമേളം, നാടന്‍ പാട്ട്, യക്ഷഗാനം, മാജിക്, മിമിക്രി, സാമ്പാ നൃത്തം തുടങ്ങിയവ അരങ്ങേറും.
1998ല്‍ ആലപ്പുഴയിലാണ് സവാക് രൂപം കൊള്ളുന്നത്. കലാകാരന്മാരുടെ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി നിരന്തരമായി ഇടപെടുന്ന ഈ സംഘടന ഇപ്പോള്‍ കരുത്തുറ്റ പ്രസ്ഥാനമായി മാറി യു.എ.ഇയിലും ഘടകം ആരംഭിച്ചുകഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ ‘സവാക്’ രൂപം കൊണ്ടിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും സംസ്ഥാനതലത്തില്‍ തന്നെ കഴിവ് തെളിയിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് സാംസ്ക്കാരിക സംഗമം ചെയര്‍മാന്‍ ഉമേഷ് എം. സാലിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാംസ്ക്കാരിക സംഗമം കണ്‍വീനര്‍ തുളസീധരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സുരേഷ് ബേക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
