സ്മരണകളിരമ്പുന്നു; ബാലഭാസ്‌കര്‍ മനസിൻ്റെ താളങ്ങള്‍ക്ക് വിരലുകള്‍ കൊണ്ട് ഈണമിട്ട മഹാപ്രതിഭ

  • Post category:news
  • Reading time:2 mins read
You are currently viewing സ്മരണകളിരമ്പുന്നു; ബാലഭാസ്‌കര്‍ മനസിൻ്റെ  താളങ്ങള്‍ക്ക് വിരലുകള്‍ കൊണ്ട് ഈണമിട്ട മഹാപ്രതിഭ


പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: വയലിനില്‍ നാദവിസ്മയം തീര്‍ത്ത് സംഗീതത്തെ അനശ്വരമാക്കിയ ബാലഭാസ്‌കര്‍ ഇനി ഓര്‍മ. പകരം വെക്കാനില്ലാത്ത സംഗീത ലോകത്തെ ഈ യുവപ്രതിഭയുടെ വിയോഗം മലയാളക്കരയെ ഒന്നാകെ കണ്ണീരിലാഴ്ത്തി. സംഗീതത്തിന്റെ പുതുവഴികള്‍ തേടിയ ബാലഭാസ്‌കര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. ഓര്‍മകളുടെ മണിച്ചെപ്പില്‍ ഓര്‍മ്മിപ്പിക്കാന്‍ ഒരായിരം സുന്ദര നിമിഷങ്ങള്‍ തന്നതും വയലിനിലൂടെ മലയാളിക്ക് ഒരു പൂക്കാലം സമ്മാനിച്ചതും മറക്കാവുന്നതല്ല. ബാലഭാസ്‌കര്‍ നാല്‍പ്പതാം വയസ്സിലാണ് വിടവാങ്ങിയതെന്നറിയുമ്പോള്‍ സങ്കടത്തിന്റെ ആഴം കൂടുന്നു. ചെറുപ്രായത്തില്‍ തന്നെ അറിയപ്പെട്ടെങ്കിലും പ്രശസ്തിയുടെ പിന്നാലെ പോകാത്തയാളുമായിരുന്നു.ബാലഭാസ്‌കറിന്റെ ജനനം 1978 ജൂലൈ 10നായിരുന്നു. അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി.ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസുമുതല്‍ വയലിന്‍ പഠനം. കൗമാരകാലത്ത് തന്നെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ബാലഭാസ്‌കറിന് പക്ഷേ പരീക്ഷണങ്ങളോടായിരുന്നു കൂടുതല്‍ ഇഷ്ടം. പതിനേഴാം വയസില്‍ തന്നെ സിനിമ ബാലഭാസ്‌കറിലേക്ക് എത്തിയിരുന്നു. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് ഈണങ്ങള്‍ ഒരുക്കി. പിന്നീട് ‘കണ്ണാടിക്കടവത്ത്’ എന്ന സിനിമയ്ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. തുടരെ കിട്ടിയ അവസരങ്ങള്‍ സ്വീകരിക്കാതെ വേദിയില്‍ വിസ്മയം സൃഷ്ടിക്കാനായിരുന്നു പിന്നീട് ബാലഭാസ്‌കറിന്റെ ശ്രമം. പത്ത് വര്‍ഷത്തിനു ശേഷമാണ് പിന്നീട് സിനിമയുടെ പിന്നണിഗാനത്തിനായി ഈണം നല്‍കാന്‍ ബാലഭാസ്‌കര്‍ തയ്യാറായത്. കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ ബാലഭാസ്‌കര്‍ കണ്‍ഫ്യൂഷന്‍ എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. ഹിറ്റ് ഗാനങ്ങളും മ്യൂസിക് ബാന്‍ഡിലൂടെ സംഗീതപ്രേമികളിലേക്ക് എത്തിച്ചു. പ്രണയിനി ലക്ഷ്മിക്കായി ഈണം നല്‍കിയ ‘ആരു നീ എന്നോമലേ..’ എന്ന ഗാനവും വന്‍ ഹിറ്റായിരുന്നു.ആധുനിക രീതിയിലുള്ള സംഗീതോപകരണങ്ങള്‍ വരുന്നതിനു മുന്‍പ് വയലിനിലൂടെ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ബാലഭാസ്‌കര്‍ ഇനി ഓര്‍മകളില്‍ ജ്വലിക്കും. മുഖത്ത് മായാതെ നില്‍ക്കുന്ന ആ ചിരിയെ ഒരു കാലത്തിനും കവര്‍ന്നെടുക്കാനാവില്ല. ഒരു മരണത്തിനും മായ്ക്കാനാവില്ല. തിരിച്ചുവരാന്‍ പറ്റാത്ത ഈ ലോകത്ത് ഒരുപാടു മാന്ത്രിക കലകള്‍ ബാക്കി വെച്ചിട്ട് അനശ്വര ലോകത്തേക്ക് മാഞ്ഞു. ഏറ്റവും ദുഖാര്‍ദ്രമായ അവസാന രാത്രിയില്‍ ആ മാന്ത്രിക വിരലുകളില്‍ നീ ഹൃദയം കൊണ്ട് ഏത് നാദത്തിലാണ് അവസാനമായി ചുംബിച്ചത്. കാലം കടന്നുപോയാലും അത് പ്രപഞ്ചമൊട്ടാകെ ഒഴുകിക്കൊണ്ടേയിരിക്കും. ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും. അനശ്വര പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.

 

 

 

0Shares